കാസര്‍കോട്: അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് യുവാവിന്റെ 5.30 ലക്ഷം രൂപയും കാറും ബൈക്കും തട്ടിയെടുത്തതായി പരാതി. ഭീമനടി, പ്ലാച്ചിക്കര, പുളിയമാക്കല്‍ ജോബിഷ് ജോസഫി(34)ന്റെ പരാതിയില്‍ കാസര്‍കോട്, കുമ്പള സ്വദേശി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുമ്പള, എടനാട്, സൂരംബയലിലെ അബൂബക്കര്‍, പാണത്തൂരിലെ സലോമോന്‍ കെ. ജോസഫ്, കോഴിക്കോട്ടെ എന്‍.എം അബ്ദുല്‍ ഹമീദ്, കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് സലോമോന്‍ ജോസഫാണ് പരാതിക്കാരനില്‍ നിന്ന് 11.30 ലക്ഷം രൂപ വാങ്ങിയത്. പിന്നീട് ബൈക്കും കാറും കൈക്കലാക്കി. നിശ്ചിതകാലാവധി കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. രണ്ടു തവണയായി ആറു ലക്ഷം രൂപ തിരികെ നല്‍കിയെങ്കിലും ബാക്കി പണവും വാഹനങ്ങളും നല്‍കിയില്ലെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
