കോട്ടയം: കാസര്‍കോട്, ബേഡകം സ്വദേശി ഉള്‍പ്പെടെ മൂന്നംഗ കവര്‍ച്ചാ സംഘം അറസ്റ്റില്‍. മുന്നാട്, ചേരിപ്പാടി എല്‍.പി സ്‌കൂളിന് സമീപത്തെ വിഷ്ണുദാസ് (24), ആലപ്പുഴ, ഇരുമ്പു പാലം, നടിച്ചിറയില്‍ ശ്രീജിത്ത് (33), ചെങ്ങളം, അറത്തറയില്‍ ആരോമല്‍സാബു(21) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശ പ്രകാരം കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു പേരും വന്‍ കവര്‍ച്ച ആസൂത്രണം ചെയ്താണ് കോട്ടയത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബേഡകം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ വിഷ്ണുദാസ് മാസങ്ങളായി നാട്ടില്‍ ഉണ്ടായിരുന്നില്ല. പയ്യന്നൂര്‍, ഹൊസ്ദുര്‍ഗ്, ബേക്കല്‍ സ്റ്റേഷനുകളില്‍ മോഷണ കേസുള്ളതായി പൊലീസ് പറഞ്ഞു. ശ്രീജിത്തിന് ആലപ്പുഴ സൗത്ത്, നെടുമുടി, കുമരകം സ്റ്റേഷനുകളില്‍ കേസുണ്ട്. ആരോമല്‍ സാബു കുമരകം സ്റ്റേഷനില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെടുന്ന ആളാണെന്ന് കൂട്ടിച്ചേര്‍ത്തു. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
