നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്ക്ക് വീണ്ടും താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. 16 വര്‍ഷം മുമ്പ് ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
ഒളിച്ചോടി വിവാഹം കഴിച്ചവരാണ് ഞങ്ങള്‍. ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടിയിരുന്നെങ്കിലും രജിസ്‌ട്രേഷന്‍ നടത്തിയിരുന്നില്ല. ഇപ്പോഴാണ് അത് നടത്തിയത്. മക്കളുടെ സാന്നിധ്യത്തില്‍ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല, ഒരു ഔദ്യോഗിക രേഖ പല കാര്യങ്ങള്‍ക്കും ആവശ്യമാണ്. അതിന് വേണ്ടി കൂടിയാണ് ഇപ്പോഴത്തെ ഈ വിവാഹമെന്നും ധര്‍മ്മജന്‍ പറഞ്ഞു. ആരെയും അറിയിക്കാതെ, സാക്ഷികളെ മാത്രം വിളിച്ച് വിവാഹം നടത്തുകയായിരുന്നു. എന്നാല്‍ പിന്നീട് പലരും അറിഞ്ഞുവന്നതാണെന്നും ധര്‍മജന്‍ പറഞ്ഞു. ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30 നും 10.30 നും ഇടയില്‍ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം’- എന്ന് ധര്‍മജന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തതില്‍ രമേഷ് പിഷാരടി അടക്കം വഴക്ക് പറഞ്ഞുവെന്നും ധര്‍മജന്‍ പറഞ്ഞു.
രണ്ട് പെണ്‍മക്കളാണ് ധര്‍മജന്‍ ബോള്‍ഗാട്ടിക്കുള്ളത്. വേദയും വൈഗയും. സിനിമാ മേഖലയില്‍ നിന്നടക്കം നിരവധി ആരാധകരാണ് ധര്‍മജന് വിവാഹ ആശംസകള്‍ നേരുന്നത്. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ ധര്‍മജന്‍ ശ്രദ്ധിക്കപ്പെട്ടത് ‘പാപ്പി അപ്പച്ച’ എന്ന ഹിറ്റ് സിനിമയിലൂടെയായിരുന്നു.
ജിലേബി, അമര്‍ അക്ബര്‍ അന്തോണി, പ്രേതം, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ട്രാന്‍സ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുട്ടനാടന്‍ മാര്‍പാപ്പ, ആടു ഒരു ഭീകര ജീവിയാണ് എന്നിവ അടക്കം ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. ടെലിവിഷന്‍ ഷോകളിലും ധര്‍മജന്‍ ബോള്‍ഗാട്ടി ചിരി വേഷങ്ങളിലെത്തി.
ധര്‍മജന്‍ ബോള്‍ഗാട്ടി വേഷമിട്ട് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ പവി കെയര്‍ടേക്കറാണ്. ദിലീപാണ് നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് വിനീത് കുമാറാണ്. ധര്‍മജന്‍ ബോള്‍ഗാട്ടി രതീഷ് എന്ന കഥാപാത്രമായിട്ടാണ് സിനിമയില്‍ അഭിനയിച്ചത്. സിനിമയിലൊക്കെ വരുന്നതിന് മുമ്പ് തന്നെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ധര്‍മ്മജന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയില്‍വാസം വരെ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
