കാസര്‍കോട്: ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നവര്‍ താമസിക്കുന്ന വാടകവീട്ടില്‍ കൂറ്റന്‍ പെരുമ്പാമ്പ്. പാമ്പിനെ കണ്ടു ഒച്ചവച്ചപ്പോള്‍ കിണറ്റില്‍ ചാടിയ പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതര്‍ എത്തി കൊണ്ടുപോയി. തൃക്കരിപ്പൂര്‍ ഒളവറ മുണ്ട്യ ബസ് സ്റ്റോപ്പിനു സമീപത്തെ വാടക വീട്ടിലാണ് സംഭവം. അസാം സ്വദേശികളാണ് ഇവിടെ താമസിക്കുന്നത്. അബ്ദുല്‍ അസീസ് എന്നയാള്‍ കിടക്കുന്ന മുറിയില്‍ ചൊവ്വാഴ്ച രാത്രി 12നാണ് കൂറ്റന്‍ പെരുമ്പാമ്പ് കയറിക്കൂടിയത്. മൊബൈലില്‍ നോക്കി കിടക്കുന്നതിനിടെയാണ് അബ്ദുല്‍ അസീസ് ഇഴഞ്ഞുവരുന്ന പെരുമ്പാമ്പിനെ കണ്ടത്. വീട്ടിലുള്ളവര്‍ ബഹളം വച്ചതോടെ രക്ഷപ്പെടുന്നതിനിടയില്‍ കുളിമുറിയോട് ചേര്‍ന്നുള്ള കിണറ്റില്‍ പാമ്പ് വീഴുകയായിരുന്നു. ബുധനാഴ്ച രാവിലെ പഞ്ചായത്ത് അംഗം എം.കെ.ഹാജി വിവരം നല്‍കിയതനുസരിച്ച് ഫോറസ്റ്റ് റെസ്‌ക്യൂവര്‍ കൊടക്കാട്ടെ സി.അനൂപും സഹായി കെ.ലതീഷും സ്ഥലത്തെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കിണറ്റില്‍ നിന്നു പാമ്പിനെ പുറത്തെത്തിച്ചു. പിടികൂടിയ പാമ്പിന പിന്നീട് വനത്തില്‍ തുറന്നുവിട്ടു. പാമ്പ് കിണറില്‍ വീണതറിഞ്ഞ് വന്‍ ജനക്കൂട്ടം തടിച്ചു കൂടി. ഏറെ ജനവാസമുള്ള ഒളവറ പ്രദേശത്ത് പാമ്പ് വീട്ടിനകത്ത് എങ്ങനെ എത്തി എന്ന് വ്യക്തമല്ല.
