കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ ബാങ്കില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. നിർണായക തെളിവ് ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. കൂട്ടുപ്രതി കാഞ്ഞങ്ങാട് അതിയാമ്പൂർ സ്വദേശിയും ഇപ്പോൾ റിമാൻന്റിലുള്ള അനിൽകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡയറി കണ്ടെത്തി. കേസിലെ പ്രതികളായ സൊസൈറ്റിയുടെ മുന്‍ സെക്രട്ടറി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ്, കണ്ണൂര്‍ ചൊവ്വ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ അബ്ദുല്‍ ജബ്ബാര്‍ എന്ന മഞ്ഞക്കണ്ടി ജബ്ബാര്‍, എന്നിവരുമായി അനിൽകുമാർ നടത്തിയ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് ഡയറിയിൽ ഉള്ളതെന്നാണ് സൂചന. രതീഷ് അനിൽകുമാറിന് കൈമാറിയ എല്ലാ സ്വർണങ്ങളുടെയും തൂക്കവും തീയതികളും രേഖപ്പെടുത്തിയിട്ടുണ്ട്. പണയം വെച്ച ആഭരണങ്ങളുടെ സ്ലിപ്പുകളും ഡയറിയിൽ നിന്ന് കണ്ടെത്തി. ഇതോടെ കേസിൽ നിർണായ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞു. ബുധനാഴ്ച രാവിലെ മുഖ്യപ്രതികളെ മുള്ളേരിയയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. റിമാന്റില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതികളായ ജബ്ബാര്‍, രതീഷ്, കോഴിക്കോട് സ്വദേശി സി. നബീല്‍ എന്നിവരെ മൂന്നു ദിവസത്തേക്ക് ജില്ലാ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു.
