മലഞ്ചെരിവില്‍ വച്ച് കാര്‍ റിവേഴ്സെടുത്ത യുവതി 300 അടി താഴ്ചയില്‍ വീണുമരിച്ചു. മഹാരാഷ്ട്ര സ്വദേശിനി ശ്വേത ദീപക് സുര്‍വാസെ(23) ആണ് മരിച്ചത്. യുവതി ഡ്രൈവ് ചെയ്യുന്നത് സുഹൃത്ത് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം. തിങ്കളാഴ്ച ഉച്ചയോടെ ഔറംഗബാദില്‍ നിന്ന് സുലിഭഞ്ജനിലെ ദത്താത്രേയ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ശ്വേതയും സുഹൃത്തായ സൂരജ് സഞ്ജൗ മുളെ (25)യും. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. കാറില്‍ കയറിയ ശ്വേത വണ്ടി റിവേഴ്‌സെസ്സെടുക്കാന്‍ തുടങ്ങി. അപ്പോള്‍ പാറക്കെട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയായിരുന്നു കാര്‍. എന്നാല്‍ വീണ്ടും റിവേഴ്‌സെടുത്തപ്പോള്‍ സ്പീഡ് കൂടി. വേഗത കുറയ്ക്കാന്‍ സൂരജ് മുന്നറിയിപ്പ് നല്‍കി. ഉച്ചത്തില്‍ അലറിക്കൊണ്ട് സൂരജ് കാറിനടുത്തേക്ക് ഓടിയെത്തിയപ്പോഴേക്കും വാഹനം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. കാര്‍ 300 അടി ഉയരമുള്ള പാറക്കെട്ടില്‍ നിന്ന് ഉരുണ്ട് കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.