പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ; അന്വേഷണ സമിതിയുടെ റിപ്പോർട്ട് കെ.പി.സി.സി പ്രസിഡന്റിനു കൈമാറി; നേതാക്കൾക്കെതിരെ നടപടി വേണമെന്ന് സമിതി

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ കോൺ ഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവത്തെക്കുറിച്ച് അന്വേഷണ സമിതിയുടെ റിപ്പോർട്ട് കെ. പി.സി.സി പ്രസിഡന്റിന് കൈമാറി. ചടങ്ങിൽ പങ്കെടുത്ത കെ.പി. സി.സി സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ നടപടി വേണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. കേസിലെ 13-ാം പ്രതി എൻ. ബാലകൃഷ്ണന്റെ മകന്റെ വിവാഹ സൽക്കാരത്തിലാണ് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തത്. ഇതിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയാണ് കെ.പി.സി.സി ക്ക് പരാതി നൽകിയത്. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, യു.ഡി.എഫ് ഉദുമ മണ്ഡലം കമ്മിറ്റി ചെയർമാൻ രാജൻ പെരിയ, മണ്ഡലം പ്രസിഡൻ്റ് പ്രമോദ് പെരിയ എന്നിവർക്കെതിരെയാണ് പരാതിയുണ്ടായത്. എന്നാൽ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉണ്ണിത്താനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയതോടെ അഭിപ്രായ ഭിന്നത കടുത്തു. തുടർന്നാണ് കെപിസിസിസി അന്വേഷണ സമിതിയെ വച്ചത്.
പരാതി അന്വേഷിക്കാൻ രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി പി.എം നിയാസ് എന്നിവരെ കെ.പി.സി.സി നിയോഗിച്ചത്. ഇവർ കഴിഞ്ഞ മാസം 29, 30 തീയതികളിൽ കാസർകോട് എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. 38 പേരിൽ നിന്ന് അന്വേഷണ സമിതി മൊഴി രേഖപ്പെടുത്തി. നേതാക്കൾക്ക് പുറമെ കല്യോട്ടെയും പെരിയയിലെയും കോൺഗ്രസ് പ്രവർത്തകരുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു. ഇവർ കുറ്റാരോപിതർക്കെതിരാണ് മൊഴി നൽകിയത്. കൂടാതെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിൻ്റെ പിതാവ് കൃഷ്ണനും ശരത് ലാലിൻ്റെ പിതാവ് സത്യനാരായണനും മൊഴി നൽകിയിരുന്നു.
ഇവരുടെ മൊഴിയും വിവാഹത്തിൽ പങ്കെടുത്തവർക്കെതിരെയായിരുന്നു. കുറ്റാരോപിതരെ പുറത്താക്കണമെന്ന ആവശ്യമാണ് രാജ്മോഹൻ ഉണ്ണിത്താൻ മുന്നോട്ടുവെച്ചത്. എന്നാൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിന് കടുത്ത നടപടിയെടുക്കുന്നതിനോട് ഡിസിസിയിലും കെ.പി.സി.സിയിലും ഒരു വിഭാഗം നേതാക്കൾക്ക് വിയോജിപ്പുണ്ടെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page