ആരോഗ്യമന്ത്രി വീണ ജോര്‍ജ് കുവൈറ്റിലേക്ക് പോകും; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു; യൂസഫലിയും രവി പിള്ളയും സഹായധനം നല്‍കും

കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകും. കുവൈറ്റ് ദുരന്തത്തെ തുടര്‍ന്നുള്ള പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
കുവൈറ്റിലേക്ക് പോകാന്‍ മന്ത്രിസഭായോഗം ആരോഗ്യ മന്ത്രിയെ ചുമതലപ്പെടുത്തി.
സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈറ്റില്‍ എത്തുന്നത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കും. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായമായി നല്‍കാനും തീരുമാനമായി. കുവൈത്തിലുണ്ടായത് ദുഃഖകരമായ സംഭവമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മന്ത്രിയും ഉദ്യോഗസ്ഥരും കുവൈത്തിലേക്ക് പോകും. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതേസമയം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാമെന്ന് പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈറ്റ് അഗ്നിബാധ മരണങ്ങളില്‍ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 24 മലയാളികള്‍ മരണമടഞ്ഞു എന്നാണ് മനസിലാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page