പത്മശ്രീ ജേതാവും ലോകപ്രശസ്ത സംഗീതജ്ഞനും സരോദ് വിദ്വാനുമായ രാജീവ് താരാനാഥ് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൈസൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മൈസൂരിലെ സ്വവസതിയില്‍ ബുധനാഴ്ച രാവിലെ പൊതു ദര്‍ശനം ഉണ്ടാകും. സംസ്‌കാരം പിന്നീട് നടക്കും.കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു. അരവിന്ദന്റെ പോക്കുവെയില്‍, കാഞ്ചന സീത ചിത്രങ്ങളിൽ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരുന്നു. കടവ് എന്ന സിനിമയ്ക്ക് സംഗീത സംവിധാനം ഒരുക്കിയിരുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിന് നിരവധി സംഭാവനകള്‍ ചെയ്ത രാജീവ് താരാനാഥ് പത്മശ്രീ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും സംഗീതം നൽകിയിട്ടുണ്ട്. യു.ആർ അനന്തമൂർത്തിയുടെ നോവൽ സംസ്കാരയെ പട്ടാഭിരാമ റെഡ്ഡി സിനിമയാക്കിയപ്പോൾ സംഗീതം നൽകിയത് രാജീവ് താരാനാഥാണ്. ഉസ്താദ് പി ടി അലി അക്ബർ ഖാൻ്റെ ശിഷ്യനാണ് താരാനാഥ്. പിടി. രാജീവ് താരാനാഥ് ഹിന്ദുസ്ഥാനി സംഗീത ലോകത്ത് തൻ്റേതായ ഇടം സൃഷ്ടിച്ചു. എഴുത്തുകാരൻ ചന്ദ്രശേഖര കമ്പാറിന്റെ അടുത്ത സുഹൃത്തായിരുന്നു. പണ്ഡിറ്റ് രവിശങ്കറിൻ്റെയും ഉസ്താദ് അലി അക്ബർ ഖാൻ്റെയും ബാംഗ്ലൂരിലെ ഒരു സംഗീത കച്ചേരിയാണ് 19 കാരനായ രാജീവിനെ സംഗീത ലോകത്ത് എത്തിച്ചത്. 2019-ലെ പത്മശ്രീ, 1999-2000-ലെ സംഗീത നാടക അക്കാദമി അവാർഡ് എന്നിവ നൽകി അദ്ദേഹത്തെ ദേശീയതലത്തിൽ ആദരിച്ചിട്ടുണ്ട്, കൂടാതെ അദ്ദേഹത്തിൻ്റെ സ്വന്തം സംസ്ഥാനമായ കർണാടകയിലും (1998-ലെ ചൗഡിയ സ്മാരകവും 2018-ലെ സംഗീത വിദ്വാൻ, 2019-ലെ നാഡോജ അവാർഡുകളും ലഭിച്ചിരുന്നു.
