കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ തെക്കേ അറ്റത്ത് കണ്ണൂരിനോടരിക് ചേര്‍ന്നു കിടക്കുന്ന കൊടക്കാട് പാടശേഖരത്തില്‍ വിരിപ്പ് കൃഷിയുടെ നാട്ടി നടീല്‍ തുടങ്ങി. കര്‍ഷക വിദ്യാപീഠം അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായ കൊടക്കാട്ടെ പ്രമുഖ നെല്‍ കര്‍ഷകന്റെ പാടത്ത് ഇരുപത്തിമൂന്ന് ഇനങ്ങളിലുള്ള നെല്ലിനങ്ങളാണ് കൃഷിയിറക്കുന്നത്. നേരത്തേ തന്നെ പ്രത്യേകം തയ്യാറാക്കിയ ഞാറ്റടികള്‍ പരിചയസമ്പന്നരായ നാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ പ്രത്യേകം, പ്രത്യേകമായി നട്ടു. പരമ്പരാഗത നാടന്‍ ഇനങ്ങളായ ഞവര, കറുത്ത ഞവര, കരിനെല്ല്, കലബാട്ടി, രാംലി, കല്ലടിയാരന്‍, ചോമാല, ചെന്താടി, രക്തശാലി, മല്ലിക്കുറുവ, കൃഷ്ണ കൗമുദി, കയമ, തൊണ്ണൂറാന്‍, പൊന്നി, ജപ്പാന്‍ വൈലറ്റ് എന്നിവക്കു പുറമേ അത്യുല്‍പാദന ശേഷിയുളള കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ഉമ, പൗര്‍ണമി പ്രത്യാശ എന്നീ നെല്ലിനങ്ങളും കൃഷിയിറക്കിയിട്ടുണ്ട്. ഒറ്റ നുരി, വെളുത്ത ജയ, ചുവന്ന ജയ, ആതിര എന്നീ ഇനങ്ങളുടെ ഞാറ്റടിയും പ്രത്യേകം പ്രത്യേകം തയ്യാറാക്കി നട്ടുവരുന്നു. ഇപ്രാവശ്യത്തെ വിരിപ്പ് കൃഷിയില്‍ അഞ്ചേക്കര്‍ സ്വന്തം ഉടമസ്ഥതയിലുള്ള വയലിനോടൊപ്പം അഞ്ച് ഹെക്ടറില്‍ പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നുണ്ട്. ഇതര കൃഷിക്കാര്‍ക്ക് കൂടി നല്‍കാനുദ്ദേശിച്ചു കൊണ്ട് ഞാറ്റടിയും തയ്യാറാക്കിയിട്ടുണ്ട്
