കാസര്‍കോട്: സീതാംഗോളിയിലെ കിന്‍ഫ്രാപാര്‍ക്കില്‍ നിന്നു പത്തുലക്ഷം രൂപ വില വരുന്ന ചെരുപ്പുകള്‍ മോഷ്ടിച്ചു കടത്തിക്കൊണ്ടു പോയ സംഭവത്തില്‍ നാലു പേര്‍ നാടകീയമായി നാട്ടുകാരുടെ പിടിയിലായി. മൂന്നാഴ്ചയോളമായി മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിയാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ് നാലംഗ സംഘത്തെ സ്ഥാപനത്തിന്റെ പാര്‍ട്ണറുടെയും കുമ്പളയിലെ സഹോദരങ്ങളുടെയും നിരന്തരമായ നിരീക്ഷണത്തിനൊടുവില്‍ പിടികൂടിയത്.
മെയ് 22ന് ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വെല്‍ഫിറ്റ് ഫുട്വെയര്‍ നിര്‍മ്മാണ കമ്പനിയിലാണ് പത്തുലക്ഷത്തിന്റെ കവര്‍ച്ച നടന്നത്. രണ്ട് തവണയായി അഞ്ചു ലക്ഷം രൂപ വില വരുന്ന ചെരുപ്പുകളും കമ്പനി ലാപ്ടോപുമാണ് കവര്‍ച്ച പോയത്. കട്ടത്തടുക്കയിലെ നിസാര്‍, ഗള്‍ഫിലുള്ള ഇയാളുടെ സുഹൃത്ത് എന്നിവര്‍ പാര്‍ട്ണര്‍മാരായിട്ടുള്ള കമ്പനിയാണ് വെല്‍ഫിറ്റ് കമ്പനി നടത്തുന്നത്. കവര്‍ച്ച പോയത് സംബന്ധിച്ച് നിസാര്‍ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. പരാതിക്കാരനെ പ്രതിസ്ഥാനത്ത് കൊണ്ട് വരാനുള്ള നീക്കങ്ങളും ഉണ്ടായത്രെ. ഇതോടെ നിസാര്‍ മോഷ്ടാക്കളെ കണ്ടെത്തുന്നതിന് മുന്നിട്ടിറങ്ങി. കുമ്പളയില്‍ നിന്നു മേയാന്‍ കെട്ടിയ ആടുകളെ മോഷ്ടിച്ചു കടത്തിയ സംഭവത്തിലെ പ്രതികളെ തന്ത്രപരമായി കണ്ടെത്തി പൊലീസിന് കൈമാറിയ കുമ്പളയിലെ സഹോദരങ്ങളുടെ സഹായത്തോടെയായിരുന്നു അന്വേഷണം. ഞായറാഴ്ച കാസര്‍കോട് നഗരത്തിലൂടെ നടന്നു പോവുകയായിരുന്നു വെല്‍ഫിറ്റ് കമ്പനി പാര്‍ട്ണറായ നസീറും ബന്ധുവും. ഇതിനിടയില്‍ അടഞ്ഞുകിടക്കുന്ന കടവരാന്തയില്‍ ചെരുപ്പുകള്‍ വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടു. സംശയം തോന്നി വില്‍പ്പനക്കു വെച്ചിരിക്കുന്ന ചെരുപ്പുകള്‍ ആവശ്യക്കാരെന്ന വ്യാജേന വിശദമായി പരിശോധിച്ചു. അപ്പോഴാണ് ചെരുപ്പില്‍ വെല്‍ഫിറ്റ് കമ്പനിയുടെ പേര് കണ്ടത്. ഇതോടെ വിലയുടെ കാര്യത്തില്‍ വില പേശുകയും കൂടുതല്‍ ചെരുപ്പുകള്‍ വേണമെന്നും വില്‍പ്പനക്ക് വേണ്ടിയാണെന്നും അറിയിച്ചു. ബോസുമായി സംസാരിക്കാമെന്നായിരുന്നു ചെരുപ്പുകള്‍ വില്‍പ്പന നടത്തിക്കൊണ്ടിരുന്നവര്‍ മറുപടി നല്‍കിയത്. ഇതിനിടയില്‍ വിവരം ബദിയഡുക്ക പൊലീസിനെ നസീര്‍ അറിയിച്ചു. എന്നാല്‍ പൊലീസ് എത്തിയില്ല. ഇതിനിടയില്‍ യുവാക്കളുടെ നീക്കങ്ങളില്‍ സംശയം തോന്നിയ ചെരുപ്പ് വില്‍പ്പനക്കാര്‍ ചെരുപ്പുകള്‍ പെറുക്കിക്കൂട്ടി ഓട്ടോയില്‍ കയറ്റി. ഇതിനിടയില്‍ നിസാറും കൂടെയുണ്ടായിരുന്ന ആളും ഓട്ടോയുടെ താക്കോല്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കി. ഡ്രൈവറും വില്‍പ്പനക്കാരുമടക്കമുള്ള നാലു പേരെയും തടഞ്ഞു വെച്ച ശേഷം ടൗണ്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി യുവാക്കളെയും ചെരുപ്പും കസ്റ്റഡിയിലെടുത്തു. ഇക്കാര്യം അറിയിച്ചിട്ടും ബദിയഡുക്ക പൊലീസ് എത്തിയില്ലത്രെ. ഇതോടെ നാലു പേരെയും ടൗണ്‍ പൊലീസ് ബദിയഡുക്ക പൊലീസിനെ എത്തിച്ച് കൈമാറി.
ഇതിനിടയില്‍ യുവാക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നസീറും സംഘവും ഉപ്പള, മജ്ബയലിലെ ഒരു വീട്ടിലെത്തി 10 ചാക്ക് ചെരുപ്പുകളും കമ്പനിയില്‍ നിന്ന് മോഷം പോയ ലാപ്ടോപും കണ്ടെടുത്തു. മഞ്ചത്തടുക്ക, മജ്ബയല്‍ സ്വദേശികളും ബന്ധുക്കളുമായ നാലുപേരാണ് കവര്‍ച്ചാ കേസില്‍ ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ വെല്‍ഫിറ്റ് കവര്‍ച്ചാ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
