മംഗ്ളൂരു: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്കു തടഞ്ഞു നിര്‍ത്തി യുവാക്കളെ അക്രമിച്ചു. വെള്ളിയാഴ്ച രാത്രി കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ കന്യാനയിലാണ് സംഭവം. കന്യാനയിലെ പ്രകാശി(47)നും സുഹൃത്തിനുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ പ്രകാശ് പുത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിട്ള ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരായ പ്രകാശും സുഹൃത്തും കന്യാനയില്‍ എത്തിയപ്പോള്‍ മറി കടന്ന കാര്‍ റോഡിന് കുറുകെയിട്ട് ബൈക്കു തടഞ്ഞു. കാറിനു സൈഡു കൊടുത്തില്ലെന്ന് ആരോപിച്ച് കാറില്‍ ഉണ്ടായിരുന്നവര്‍ വാക്കേറ്റം നടത്തുകയും പ്രകാശിനെയും സുഹൃത്തിനെയും ആക്രമിക്കുകയുമായിരുന്നുവെന്നു പറയുന്നു. ബഹളം കേട്ട് ആള്‍ക്കാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ കാറുമായി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് വിട്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കേരള രജിസ്ട്രേഷന്‍ ഉള്ള കാറില്‍ ഉണ്ടായിരുന്നവരാണ് അക്രമം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
അക്രമികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി പ്രവര്‍ത്തകര്‍ വിട്ള പൊലീസ് സ്റ്റേഷന് മുന്നിലും പ്രകാശിനെ പ്രവേശിപ്പിച്ചിട്ടുള്ള പുത്തൂര്‍ ആശുപത്രിക്ക് മുന്നിലും തടിച്ചുകൂടിയത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.