ലോക്സഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒഴിവുവരുന്ന നിയമസഭമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലും വയനാട് ലോക്സഭ മണ്ഡലത്തിലുമാണ് ഉപതിരഞ്ഞെടുപ്പ് ആസന്നമായിട്ടുള്ളത്. ചേലക്കര നിയമസഭാ മണ്ഡലത്തില്‍ എം.എല്‍.എയായിരുന്നു കെ. രാധാകൃഷ്ണന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് വിജയിച്ചു. ഇതോടെ എം.എല്‍.എ സ്ഥാനം അദ്ദേഹത്തിന് രാജി വെക്കേണ്ടതുണ്ട്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ എം.എല്‍.എയായിരുന്ന ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് ലോക്്സഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്്‌സഭാ മെമ്പര്‍മാരായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് എം.എല്‍.എ സ്ഥാനം ഇവര്‍ ഒഴിയേണ്ടതുണ്ട്. വയനാട് ലോക്്‌സഭാ മണ്ഡലത്തില്‍ വിജയിച്ച രാഹുല്‍ഗാന്ധി, റായ്ബറേലി ലോക്്‌സഭാ മണ്ഡലത്തിലും മത്സരിച്ചു വിജയിച്ചിരുന്നു. ഇതില്‍ ഒരു മണ്ഡത്തില്‍ അദ്ദേഹം രാജി വെക്കേണ്ടതുണ്ട്. അത് വയനാട് ആയിരിക്കുമെന്നാണ് അഭ്യൂഹം. അങ്ങനെയായാല്‍ വയനാട് ലോക്്‌സഭാ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.
രമ്യഹരിദാസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം എന്നിവരുടെ പേരുകളാണ് ഈ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളായി കോണ്‍ഗ്രസ് പരിഗണിക്കുന്നത്.
ചേലക്കര ഒഴികെ മറ്റ് രണ്ട് മണ്ഡലങ്ങളും കോണ്‍ഗ്രസ്സിന്റെ സിറ്റിങ്ങ് സീറ്റുകളാണ്. മന്ത്രി കെ രാധാകൃഷ്ണന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കര നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരുന്നത്. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ രാധാകൃഷ്ണനോട് പരാജയപ്പെട്ട രമ്യാ ഹരിദാസിനെ തന്നെ ചേലക്കരയില്‍ പരിഗണിക്കാനാണ് സാധ്യത. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ വടകര മണ്ഡലത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ പാലക്കാട് ഒഴിവുവരുന്ന സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം എന്നിവരുടെ പേരുകളാണുയരുന്നത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ പ്രിയങ്ക ഗാന്ധിയുടെ പേരും ഉയരുന്നുണ്ട്. ഇതിനിടെ കെ മുരളീധരന്റെ പേര് വയനാട്ടിലേക്ക് നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസും ലീഗ് നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. വയനാട്ടില്‍ മുരളീധരനെ സ്ഥാനാര്‍ഥിയാക്കി പിണക്കം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്.
തൃശൂരിലെ പരാജയത്തിന്റെയും ആറ്റിങ്ങലിലെ കഷ്ടിച്ചുള്ള ജയത്തിന്റെയും പിന്നിലെ കാരണങ്ങള്‍ കോണ്‍ഗ്രസ് അന്വേഷിക്കും. തിരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ അടുത്തയാഴ്ച കെപിസിസി നേതൃയോഗം ചേരാനാണ് ആലോചന. യോഗത്തില്‍ അന്വേഷണ രീതി തീരുമാനിക്കും. നിയമസഭാ സമ്മേളനം 10നു തുടങ്ങുന്നതു കൂടി കണക്കിലെടുത്തു 12ന് യുഡിഎഫ് യോഗവും ആലോചിക്കുന്നുണ്ട്.
