കാസര്‍കോട്: നഴ്സിംഗ് പഠനത്തിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി കാമുകനെ കല്യാണം കഴിച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ബേഡഡുക്ക, കൊല്ലംപണയിലെ അജ്ഞലി (19), കുംബഡാജെയിലെ മനോജ് (22) എന്നിവരാണ് ഇന്നുച്ചയോടെ അഭിഭാഷകന്‍ മുഖേന ബേഡകം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഓട്ടോ ഡ്രൈവറാണ് മനോജ്.
ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നുവത്രെ. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിലേക്ക് നഴ്സിംഗ് പഠനത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് അഞ്ജലി വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അതിനും കഴിഞ്ഞില്ല.
ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു.
അതേസമയം അജ്ഞലിയും മനോജും സുഹൃത്തുക്കളുടെ സഹായത്തോടെ പരവനടുക്കം തലക്ലായി ക്ഷേത്രത്തില്‍ വിവാഹിതരായ ശേഷം കോടതിയില്‍ ഹാജരാകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് മുമ്പാകെ കീഴടങ്ങാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ചാണ് അജ്ഞലിയും മനോജും ഇന്നുച്ച കഴിഞ്ഞ് ബേഡകം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
