കാസർകോട്: കുമ്പള ടൗണിലെ ഷാലിമാർ ടെക്സ്റ്റൈൽസ് ഉടമയും ഇടപാടുകാരനും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. അക്രമത്തിൽ ഇരുവർക്കും പരിക്കേറ്റു. കടയുടമ കുമ്പളയിലെ അബ്ദുള്ള, ഇടപാടുകാരൻ ആരിക്കാടി കടവത്തെ സഫ്‌വാൻ എന്നിവർക്കാണ് പരിക്ക്. ഇരുവരെയും കുമ്പളയിലെ വ്യത്യസ്ത ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ കടയുടെ ഗ്ലാസും തകർന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം. സഫ്‌വാനും മാതാവും സഹോദരിയും ബ്ലൗസ് പീസ് വാങ്ങാൻ കടയിലെത്തിയിരുന്നു. കട്ടികൂടിയ ബ്ലൗസ് പീസ് വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് ഇല്ലെന്ന് കടയുടമ മറുപടി പറഞ്ഞുവത്രേ. അതുകേട്ട് കടയിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ കടയുടമ സഫ്‌വാന്റെ സഹോദരിയോട് ഫോൺ നമ്പർ ചോദിച്ചുവത്രെ. പിന്നീട് സംഭവം അറിഞ്ഞ സഫ്‌വാൻ മറ്റ് രണ്ടുപേരുമായി കടയിൽ തിരിച്ചെത്തി കട ഉടമയെ ചോദ്യം ചെയ്തു. തുടർന്ന് വാക്കേറ്റം ഉണ്ടാകുകയും സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു. എന്നാൽ ഒരു പ്രകോപനവും ഇല്ലാതെ സഫ്‌വാനും സംഘവും കടയിൽ കയറി തന്നെ മർദ്ദിക്കുകയായിരുന്നു എന്ന് കടയുടമ അബ്ദുള്ള പറഞ്ഞു. സംഭവം അറിഞ്ഞ് വ്യാപാരി നേതാക്കൾ ആശുപത്രിയിൽ എത്തി അബ്ദുള്ളയെ സന്ദർശിച്ചു. വ്യാപാരിക്കുനേരെയുള്ള ആക്രമത്തിനെതിരെ കർശന നടപടി വേണമെന്ന് അധികൃതരോട് അവർ ആവശ്യപ്പെട്ടു.