കണ്ണൂര്‍: കര്‍ണ്ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്ത് ശത്രുഭൈരവി യാഗം നടത്തിയെന്ന ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെ മറ്റൊരു സുപ്രധാന സംഭവം കൂടി പുറത്ത്. യാഗം നടന്നതായി പറയുന്ന ദിവസം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍ കുടം നേര്‍ച്ചയായി സമര്‍പ്പിച്ചുവെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. രാജരാജേശ്വര ക്ഷേത്ര പ്രധാന വഴിപാടായ പൊന്നുംകുടം സമര്‍പ്പിച്ചത് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ ഗോവിന്ദരാജ് ആണ്. സാധാരണ ഗതിയില്‍ പൊന്നിന്‍കുടം സമര്‍പ്പിക്കുന്ന വിവരം മുന്‍കൂട്ടി അറിയിക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ ധൃതി പിടിച്ചാണ് നേര്‍ച്ച സമര്‍പ്പണം നടത്തിയത്. ചാര്‍ട്ടേഡ് വിമാനത്തില്‍ കണ്ണൂരിലെത്തിയ ഗോവിന്ദരാജ് കാര്‍ മാര്‍ഗമാണ് ക്ഷേത്രത്തിലെത്തിയത്. അതേ സമയം ഡി.കെ ശിവകുമാര്‍ ആരോപിച്ച ‘ശത്രുഭൈരവി യാഗം’ നടന്നത് കണ്ണൂര്‍ ജില്ലയില്‍ അല്ലെന്നും കാസര്‍കോട് ജില്ലയിലാണെന്ന സൂചനകളും പുറത്ത് വന്നിട്ടുണ്ട്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുരാതനമായ ഒരു സ്ഥലത്താണ് യാഗം നടന്നതെന്നാണ് സൂചന. ഇതേ കുറിച്ച് പൊലീസ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടക പൊലീസ് ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം തളിപ്പറമ്പിലും മാടായിലെത്തി അന്വേഷണം നടത്തി. ബംഗളൂരുവില്‍ നിന്നെത്തിയ ഇന്റലിജന്‍സ് സംഘത്തിലെ ഏതാനും അംഗങ്ങള്‍ കണ്ണൂരില്‍ ക്യാമ്പ് ചെയ്യുന്നതായും സൂചനയുണ്ട്.