കണ്ണൂര്‍: പെണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച ശേഷം ബൈക്കുമായി അക്രമി സംഘം രക്ഷപ്പെട്ടു. സംഭവത്തില്‍ കേസെടുത്ത പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ സംഘാംഗങ്ങളും നിരവധി കേസുകളില്‍ പ്രതികളുമായ അഞ്ചുപേരെ തെരയുന്നു.
കണ്ണവം, മാനന്തേരിയിലെ മിദ്ലാജിനെയാണ് ശനിയാഴ്ച രാത്രി തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപത്തു ബൈക്കുമായി നില്‍ക്കുമ്പോള്‍ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും കാറിനകത്ത് വെച്ചും ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഞായറാഴ്ച പുലര്‍ച്ചെ ചെറുവാഞ്ചേരിയില്‍ ഉപേക്ഷിച്ചാണ് അക്രമി സംഘം രക്ഷപ്പെട്ടത്. അവശനിലയില്‍ നാട്ടില്‍ തിരിച്ചെത്തിയ മിദ്ലാജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൂത്തുപറമ്പ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കേസിലെ മുഖ്യപ്രതികളായ കോളയാട്ടെ കെ. മുഹമ്മദ് റാഷിദ് (20), മാനന്തേരി ഞാലിലെ വി. റാഷിദ് (29) എന്നിവരെ അറസ്റ്റ് ചെയ്തു. അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളും ക്വട്ടേഷന്‍ സംഘവുമാണെന്ന് സംശയിക്കുന്നതായി കൂട്ടിച്ചേര്‍ത്തു.
