പ്രണാമപൂര്‍വ്വം പിയെ ഓര്‍മ്മിക്കുമ്പോള്‍…

(മെയ് 27 മഹാകവിയുടെ ചരമ ദിനം )

പ്രഭ അജാനൂര്‍

നിളയുടെ മോഹാവേശം അക്ഷരക്കൂട്ടങ്ങളില്‍ ചാലിച്ച്, പ്രകൃതിയുടെ നിത്യകാമുകനായി ഈ ഭൂമി മലയാളത്തിലാകമാനം അലഞ്ഞു നടന്ന കവി മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍. മെയ് 27 മഹാകവിയുടെ ചരമദിനം.
ആയുസ്സിന്റെ പുസ്തകത്തിലെ പേജുകള്‍ തീര്‍ന്നാലും ജീവിക്കുന്നവരുണ്ട്; പ്രതിഭാശാലികള്‍, ആയുസിന് കാലാവധി ഇല്ലാത്തവര്‍. അപ്പോള്‍ പി. കുഞ്ഞിരാമന്‍ നായരെന്ന മഹാകവിക്ക് മരണമില്ല. അതുകൊണ്ടാണ് പി.യെ വായിച്ചുകൊണ്ടേയിരിക്കുന്നത്.
പിയെക്കുറിച്ചുള്ള ഏറ്റവും പുതിയ പുസ്തകമാണ് ‘ഓര്‍മ്മകളിലെ കവിയച്ഛന്‍’ പിയുടെ മകള്‍ വി. ലീലാമ്മാളും (ലീല ടീച്ചര്‍) കവിയുടെ പേരക്കിടാവ് ജയശ്രീ വടയക്കളവും ചേര്‍ന്ന് എഴുതിയ ഓര്‍മ്മപുസ്തകം.
കേരളം മുഴുക്കെ പിയുടെ നാടാണ്. കാഞ്ഞങ്ങാട്, കണ്ണൂര്‍, കൂടാളി, പട്ടാമ്പി, പാലക്കാട്, തൃശൂര്‍, കൊല്ലങ്കോട്, ഒറ്റപ്പാലം, ലക്കിടി, പൊന്മള, തിരുവനന്തപുരം എല്ലായിടത്തും കവിക്ക് മേല്‍വിലാസമുണ്ടായിരുന്നു. അവസാനം കാഞ്ഞങ്ങാട്ടെ ആനന്ദാശ്രമത്തില്‍ ഒരു മേല്‍വിലാസം ഉണ്ടാക്കണമെന്ന് കവി ആഗ്രഹിച്ചിരുന്നു. ആഗ്രഹം മകള്‍ രാധയെ കവി അറിയിക്കുകയും ചെയ്തിരുന്നു. ആഗ്രഹം സഫലമാകുന്നതിന് മുമ്പെ 1978 മെയ് 27ന് തിരുവനന്തപുരം സി.പി സത്രത്തില്‍ വെച്ച് ഹൃദയസ്തംഭനം മൂലം മരിച്ചു. (അച്ഛന്റെ കത്ത് നിധി പോലെ രാധ സൂക്ഷിച്ച് വെച്ചിട്ടുണ്ട്)
പിയെക്കുറിച്ച് വാമൊഴിയായും വരമൊഴിയായും തെറ്റായ കഥകള്‍ ആരൊക്കെയോ പാടി നടന്നിട്ടുണ്ട്. മദ്യപാനി, കുടുംബത്തെ തിരിഞ്ഞു നോക്കാത്തവന്‍ എന്നൊക്കെ. അത്തരം അസത്യങ്ങളെക്കുറിച്ച്, അച്ഛന്റെ ലാളനയെക്കുറിച്ച്, കരുതലിനെക്കുറിച്ച് മകള്‍ കവിയച്ഛനെ അടയാളപ്പെടുത്തുന്നു
24-ാമത്തെ വയസ്സില്‍ ഒരച്ഛന്റെ ഉത്തരവാദിത്വങ്ങള്‍ തലയിലേറ്റിയിരുന്നു കവി. കവിതയുടെ ഉച്ചച്ചൂടും തലയിലേറ്റിയാണ് കവി ജീവസന്ധാരണത്തിനായി ഭാര്യ കുഞ്ഞുലക്ഷ്മിയുടെ കുഞ്ഞമ്മാവന്റെ കൂടെ പാലക്കാട്ടെ പ്രസിലെ ജോലിക്ക് പോയത്. പിന്നീട് കുടുംബസമേതം കണ്ണൂരിലെത്തി സ്വന്തമായൊരു പ്രസും നവജീവന്‍ വാരികയും ആരംഭിച്ചു.
ബ്രിട്ടീഷ് ഭരണത്തിനെതിരെ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചപ്പോള്‍ പൊലീസ് പ്രസ് പൂട്ടിച്ചു. നവജീവന്‍ മുങ്ങി. പിന്നെ കണ്ണൂരും തലശ്ശേരിയും തളിപ്പറമ്പും നാടു നീളെ അലഞ്ഞു നടന്നാണ് കവി വരിക്കാരെ ചേര്‍ത്തത്.
കുബേരനായിട്ടായിരുന്നു കവിയുടെ ജനനം. പക്ഷെ ദരിദ്രനായി ജീവിച്ചു. കവിത എഴുത്തിന്റെ തുടക്കത്തില്‍ എഴുതിയ കവിതകളുടെ സമാഹാരമായ ‘പാതിരാപ്പൂവി’ ന്റെ തുടക്കത്തില്‍ പി. എഴുതിയ വരികളായിരുന്നു ആ ജീവിതം.
‘നൂനമംബ നിന്‍ തൃച്ചേവടികളില്‍
ഞാനടിയറവെച്ചുമജ്ജീവിതം
ഇങ്ങഭിമാനമായ്, ധരിക്കുന്നു ഞാ,
നങ്ങു സമ്മാനമായ്ത്തന്ന ദാരിദ്ര്യം’
പൊന്മള തറവാട്ടില്‍ താമസിക്കുമ്പോഴും പിന്നീട് കാഞ്ഞങ്ങാട്ടെത്തി വെള്ളിക്കോത്തെ മഠത്തില്‍ വളപ്പ് വീട്ടില്‍ കഴിയുമ്പോഴും അച്ഛന്‍ കൂടെ ഉള്ളപ്പോള്‍ പെണ്‍മക്കള്‍ അനുഭവിക്കാറുള്ള ഒരു തരം സുരക്ഷിതത്വ ബോധവും ഒക്കെ അന്ന് ഞാന്‍ അനുഭവിക്കാറുണ്ടായിരുന്നു എന്ന് ലീല ടീച്ചര്‍ ഓര്‍ക്കുന്നു. ലീലടീച്ചറോടൊപ്പം രാധയുമുണ്ടായിരുന്നു. പിന്നെ അനിയന്‍ രവിയും.
പി.യുടെ ഭാര്യ കുഞ്ഞുലക്ഷ്മി സംസ്‌കൃത പണ്ഡിതയായിരുന്നു. പി യുടെ കവിതകള്‍ പകര്‍ത്തിയെഴുതുക മാത്രമല്ല, കുഞ്ഞുലക്ഷ്മി കവിതകള്‍ എഴുതുമായിരുന്നു. പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
‘പൊന്മള തറവാട്ടിലെ അച്ഛന്റെ മുറിയിലെ പുസ്തകങ്ങള്‍ അടുക്കി വെക്കുമ്പോള്‍ കുറേ പുസ്തകങ്ങളുടെ കവര്‍ പേജില്‍ കുഞ്ഞിലക്ഷ്മി എന്ന പേര് അച്ചടിച്ചു കണ്ടിരുന്നു,’ ലീലടീച്ചര്‍ ഓര്‍ക്കുന്നു.
ലീല ടീച്ചര്‍ കവിയച്ഛനെ ഓര്‍ക്കുമ്പോള്‍ ആ ഓര്‍മ്മകള്‍ ദേശത്തിന്റെ ചരിത്രം കൂടിയാകുന്നു. അച്ഛന്റെ ഓര്‍മ്മകളോടൊപ്പം ഒരു മകളുടെ അനുഭവങ്ങളുടെ ചിത്രങ്ങള്‍ കൂടി ഓര്‍മ്മകളിലെ കവിയച്ഛനിലുണ്ട്. 1947 ആഗസ്റ്റ് 15ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം എല്ലായിടത്തും ആഘോഷങ്ങളും ജാഥകളും ഗംഭീരമായിട്ടുണ്ടായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി പുതിയ കോട്ട സ്‌കൂളില്‍ സംഘടിപ്പിച്ച ജാഥയില്‍ ഞാനും പങ്കെടുത്തിരുന്നു. ജാഥയില്‍ പങ്കെടുത്തത് മുത്തശ്ശി അറിഞ്ഞു. രാത്രി വീട്ടില്‍ ഭയങ്കര പ്രശ്നമായി. പെണ്‍കുട്ടികള്‍ ജാഥക്ക് പോകലൊന്നും അന്ന് കേട്ടിട്ടില്ലാത്ത സംഭവമാണല്ലോ. അങ്ങനെ സ്വാതന്ത്ര്യദിനം ആഘോഷിച്ച് പഠന സ്വാതന്ത്ര്യം നഷ്ടപ്പെട്ട ഞാന്‍ വീട്ടിലിരിപ്പായി. അച്ഛന്‍ വീട്ടിലെത്തിയപ്പോള്‍ പഠിത്തം മുടങ്ങിയതറിഞ്ഞ് പിന്നീട് വെള്ളിക്കോത്ത് സ്‌കൂളില്‍ കൊണ്ടു പോയി ചേര്‍ക്കുകയാണുണ്ടായത്.
പെണ്‍കുട്ടികള്‍ അധികമൊന്നും സ്‌കൂളില്‍ പോകാത്ത കാലം. അമ്മയോട് കലഹിച്ച് കവി മകളെ പഠിപ്പിച്ച് ടീച്ചറാക്കി.
അവധൂതനെപ്പോലെ അലഞ്ഞ് നടന്ന് കവിത എഴുതുമ്പോഴും കവി വീടിനെ മറന്നിട്ടില്ല. അച്ഛന്‍ വാശി പിടിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഒന്നുമല്ലായിരുന്നു എന്ന് ലീല ടീച്ചര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ലീല ടീച്ചറുടെ സഹോദരന്‍ രവിയുടെ കാര്യത്തിലും കവിയച്ഛന്റെ ശ്രദ്ധ വേണ്ടുവോളം ഉണ്ടായിട്ടുണ്ട്. കവിയുടെ കാര്യത്തില്‍ മാത്രമല്ല കവിയുടെ മറ്റൊരു മകള്‍ രാധയോടും കവിക്ക് പ്രത്യേക വാത്സല്യമുണ്ടായിരുന്നു. പിന്നെ ലക്കിടിയിലുള്ള മകള്‍ ബാലാമണി. മക്കള്‍ എല്ലാവരും അന്യോന്യം ഇഷ്ടത്തിലായിരുന്നു.
അച്ഛനെക്കുറിച്ച് മകള്‍ക്കുള്ള ഓര്‍മ്മകള്‍, ഓര്‍മ്മകളിലെ കവിയച്ഛനില്‍ വേണ്ടുവോളമുണ്ട്. പി.യുടെ കവിയുടെ കാല്‍പാടുകളോടൊപ്പം ചേര്‍ത്തു വായിക്കേണ്ട പുസ്തകമാണ് ‘ഓര്‍മ്മകളിലെ കവിയച്ഛന്‍’
കവിയുടെ ഭാര്യ കുഞ്ഞുലക്ഷ്മി സംസ്‌കൃത പണ്ഡിത. ആദ്യ കാലങ്ങളില്‍ മാതൃഭൂമി പോലുള്ള പ്രശസ്ത ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്ന എഴുത്തുകാരി. അമ്മാമ്മയെക്കുറിച്ച് പേരക്കിടാവിന്റെ ഓര്‍മ്മകള്‍ അതീവഹൃദ്യമായി ലീല ടീച്ചറുടെ മകള്‍ ജയശ്രീ വടയക്കളം ഓര്‍മ്മകളിലെ കളിയച്ഛനില്‍ സ്നേഹ നിലാവിലൂടെ ഓര്‍മ്മിച്ചെടുക്കുന്നുണ്ട്. കുഞ്ഞു ലക്ഷ്മിയെ എല്ലാവരും സ്നേഹിച്ചു. പക്ഷെ കുഞ്ഞിരാമനോട് ചേര്‍ത്ത് വെക്കാന്‍ മാത്രം അവര്‍ തയ്യാറല്ല.
അതുകൊണ്ട് തന്നെ കാസര്‍കോട്ടെ ഈ വടക്കന്‍ മണ്ണ് കവിതക്ക് പറ്റിയതല്ല എന്ന് മുത്തശ്ശന്‍ ഇടക്കിടെ പറയാറുണ്ടായിരുന്നു. കവിതക്ക് മാത്രമല്ല കവിക്കും പറ്റിയതായിരുന്നില്ല. എന്നിട്ടും കവി കുറിച്ചിട്ടു. ‘ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപിഹരീയസി’ ജനനിയും ജന്മഭൂമിയും സ്വര്‍ഗത്തേക്കാള്‍ മഹത്തരം.
മകള്‍ കണ്ടതിനേക്കാള്‍ ആഴത്തില്‍ അമ്മാമ്മയേയും കവി മുത്തശ്ശനെയും ജയശ്രീ വടയക്കളം കാണുന്നുണ്ട് ഓര്‍മ്മകളിലൂടെ. കവിക്ക് കുഞ്ഞുലക്ഷ്മിയോടുള്ള ഇഷ്ടം, പ്രണയതീവ്രത, കുഞ്ഞുലക്ഷ്മിക്ക് കവിയോടുള്ള മരണം വരെയുള്ള പ്രണയം അത് കവിത പോലെയായിരുന്നു.
ജയശ്രീ പടയക്കളം 18 വയസ്സ് വരെ തന്റെ കവി മുത്തശ്ശനെ കണ്ടിട്ട് പലപ്പോഴും ഒരു വിസ്മയം പോലെ നോക്കി നിന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ കവിയെയും അമ്മാമ്മയേയും ഏറ്റവും അടുത്തറിയുന്ന പേരക്കുട്ടിയുമായിരുന്നു. ഓര്‍മ്മകള്‍ക്ക് തീവ്രതയുണ്ട്. മറ്റു പലരും കണ്ട കവിയെയല്ല ജയശ്രീ കണ്ടത്. എഴുതണമെന്ന് മോഹിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു ജയശ്രീക്ക് അന്നാണ് എഴുത്തുകാരിയായിരുന്ന, കവിയായ മുത്തച്ഛനും ഒപ്പം കഴിയുന്നത്. അപ്പോള്‍ ആ സ്നേഹ നിലാവുകളെ നെഞ്ചേറ്റി എഴുതാന്‍ കഴിയും എഴുതി.
ആരും കണ്ടിട്ടില്ലാത്ത കുഞ്ഞുലക്ഷ്മി എന്ന കവി പത്നിയെ കുറിച്ചും എല്ലാവരും അറിയാമെന്ന് വിശ്വസിക്കുമ്പോഴും ഒളിച്ചു നടന്ന കവിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍. ജയശ്രീയെ എഴുതാന്‍ പ്രാപ്തയാക്കിയത് കുഞ്ഞുലക്ഷ്മി എന്ന അമ്മൂമ്മയാണ്. ‘അമ്മമ്മയുടെ നേഞ്ചോട് പറ്റിച്ചേര്‍ന്ന് കിടക്കുമ്പോള്‍ ചന്ദനമണമായിരുന്നു കുഞ്ഞുനാളിലെ എന്റെ രാത്രികളെ ധന്യമാക്കിയിരുന്നത് കഥ പറഞ്ഞു തന്നും, ശ്ലോകങ്ങള്‍ ചൊല്ലിക്കേള്‍പ്പിച്ചും മുടിയിഴകളിലൂടെ വിരലോടിച്ച് കൊണ്ട് കവിതകള്‍ പാടിത്തന്നും ഉറക്കിയിരുന്നത് അമ്മമ്മയായിരുന്നു.
ആ സ്നേഹം ജയശ്രീയുടെ എഴുത്തിലുടനീളമുണ്ട്. ഓര്‍മ്മകളിലെ കവിയച്ഛന്റെ അവതാരികയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയിട്ടുണ്ട്. ‘മഹാകവിയുടെ മകളും കൊച്ചുമകളും അവരുടെ സ്മരണയുടെ ചിത്രപടം നീര്‍ത്തുകയാണിവിടെ. ഓര്‍മ്മകളുടെ ദീപപ്രഭയില്‍ മഹാകവിയുടെയും അദ്ദേഹത്തിന്റെ ധര്‍മ്മപത്നിയായ കുഞ്ഞുലക്ഷ്മിയുടെയും ചിത്രവും ചരിത്രവും ഒരിക്കല്‍ കൂടി തെളിയുകയാണ്. രക്തത്തിന്റെ ഈ ആധികാരികതക്ക് മുമ്പില്‍ എന്റെ അഭിപ്രായത്തിനോ വിലയിരുത്തലിനോ യാതൊരു പ്രസക്തിയുമില്ല. ആദരിക്കുക. മറ്റൊന്നും ചെയ്യാനില്ല. പ്രണാമപൂര്‍വ്വം’
ഒന്നു കൂടി പറഞ്ഞ് ഈ കുറിപ്പ് അവസാനിപ്പിക്കാം. കുഞ്ഞുലക്ഷ്മി എന്ന സംസ്‌കൃത പണ്ഡിതയുടെ മൂന്ന് ലേഖനങ്ങള്‍ (തച്ചോളി ഒതേനന്‍, പൗരുഷം, മഹാകവി)ഓര്‍മ്മകളിലെ കവിയച്ഛനില്‍ ചേര്‍ത്തിട്ടുണ്ട് ഏകദേശം ഒരു നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ലേഖനങ്ങള്‍.
കവിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമ പൂര്‍വ്വം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page