ചെറുവത്തൂർ ബീവറേജ് ഔട്ട്ലെറ്റിലെ മദ്യം മുഴുവൻ മാറ്റി; എതിർക്കാൻ സമരക്കാർ ഇല്ല: സിപിഎം വാഗ്ദാനം പാഴ് വാക്കായി; കെട്ടിട ഉടമയുടെ വാടകയും പ്രതിസന്ധിയിൽ

കാസർകോട് : ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ റോഡിലെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ ബീവറേജ് ഔട്ട്ലെറ്റ് ഇനിയില്ല.
വിദേശമദ്യ ശാല തുടങ്ങുന്നതിനായി വാടകക്ക് എടുത്ത കെട്ടിടത്തിൽ സ്റ്റോക്ക് ഉണ്ടായിരുന്ന 26 ലക്ഷത്തിന്റെ വിദേശമദ്യം വ്യാഴാഴ്ച ഉച്ചയോടെ എത്തിയ കൺസ്യുമർ ഫെഡിന്റെ ഉദ്യോഗസ്ഥർ വാഹനത്തിൽ കയറ്റി കൊണ്ടുപോയി. മദ്യത്തിൽ 15 കെയ്‌സ് ബിയറിന്റെ കാലാവധി കഴിഞ്ഞിരുന്നു. ഇതും കൊണ്ടുപോയി.
അതിനിടെ കെട്ടിടം ഉടമയായ മാധവന് നൽകാനുണ്ടായിരുന്ന വാടക സംബന്ധിച്ച് തീരുമാനമായില്ല. വാടക നൽകാത്തതിനാൽ കെട്ടിടം ഉടമ മറ്റൊരു പൂട്ട് കെട്ടിടത്തിന് ഇട്ടിരുന്നു. ഉടമ സ്ഥലത്ത് ഇല്ലാത്തതിനാൽ അദ്ദേഹം ഇട്ടിരുന്ന പൂട്ട് പൊളിച്ചാണ് അധികൃതർ സാധനം കടത്തിയത്. സമരം നടത്തിയ സിഐടിയു പ്രവർത്തകരും ഓട്ടോ ഡ്രൈവർമാരും നോക്കിനിൽക്കേയാണ് മദ്യം മാറ്റിയത്. മൂന്ന് മാസത്തിനകം ചെറുവത്തൂരിലോ പരിസര പ്രദേശങ്ങളിലോ വിദേശ മദ്യ വില്പനശാല തുടങ്ങുമെന്നും പകരം സംവിധാനം ഉണ്ടാകുന്നത് വരെ സ്റ്റോക്കുള്ള വിദേശമദ്യം സ്ഥലത്ത് നിന്ന് മാറ്റില്ലെന്നും ഉറപ്പുകൾ നൽകിയിരുന്നെങ്കിലും ആ ഉറപ്പുകൾ ജലരേഖയായി. അതിനിടെ ലോകസഭാ തിരഞ്ഞെടുപ്പ് വന്നതോടെ ഒന്നര മാസക്കാലം ഇത് സംബന്ധിച്ച ചർച്ചകൾ ഒന്നും നടന്നിരുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം തീരുമാനം ഉണ്ടാകുമെന്ന് പറഞ്ഞുകേട്ടിരുന്നു. അതേസമയം കെട്ടിടത്തിന്റെ വാടക ലഭിക്കാത്തതിനെ സംബന്ധിച്ച് ഉടമ ചന്തേര പൊലീസിൽ പരാതി നൽകിയിരുന്നു. കെട്ടിടം ഉടമ വാടക കുടിശ്ശിക നൽകാതെയും ഹൈക്കോടതിയിൽ നൽകിയ കേസിൽ വിധി വരുന്നതിന് മുൻപാണ് അധികൃതരുടെ ഈ നീക്കം. സമരം നടത്തിയ ആൾക്കാരുടെ നിലപാടിൽ നാട്ടുകാരിൽ പ്രതിഷേധമുണ്ടെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page