പാട്‌ന: തിരഞ്ഞെടുപ്പു ദിവസം ആര്‍ ജെ ഡി- ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നു ശരണ്‍ മണ്ഡലത്തില്‍ ഇന്നലെ ഉണ്ടായ വെടിവെയ്പില്‍ 2 പേര്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു. അക്രമത്തെ തുടര്‍ന്നു ശരണില്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് സര്‍വ്വീസ് നിറുത്തിവച്ചു. അക്രമവുമായി ബന്ധപ്പെട്ടു ഏതാനും പേരെ പൊലീസ് അറസ്റ്റു ചെയ്തു. ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്‍ മകള്‍ രോഹിണി ആചാര്യയും ബി ജെ പിയിലെ രാജീവ് പ്രതാപ് റൂഡിയും തമ്മിലായിരുന്നു പ്രധാന മത്സരം. 20ന് അഞ്ചാംഘട്ടം വോട്ടെടുപ്പു നടന്ന ശരണിലെ ബിക്കാരി താക്കൂര്‍ ചൗക്കിയിലെ ബൂത്തിലെത്തിയ രോഹിണി ജനങ്ങളുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. വോട്ടര്‍മാരോടു ആചാര്യ മോശമായി പെരുമാറിയെന്നും അതിനു ശേഷം അവര്‍ സംഭവ സ്ഥലത്തു നിന്നു മടങ്ങിയ ശേഷം ജനങ്ങള്‍ ചേരിതിരിഞ്ഞു ഏറ്റമുട്ടുകയായിരുന്നുവെന്നും പറയുന്നു. കല്ലേറില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. മെയ് 21നു രാവിലെയും ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷമുടലെടുത്തിരുന്നു. ഇതിനിടയിലാണ് ഒരാള്‍ ആള്‍ക്കൂട്ടത്തിലേക്കു നിറ ഒഴിച്ചത്. വെടിയേറ്റ് സംഭവസ്ഥലത്തു ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ശരണിലെ ആശുപത്രിയില്‍ മരിച്ചു. മറ്റൊരാളെ പാട്‌ന മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി ജെ പി പ്രവര്‍ത്തകരാണ് അക്രമമുണ്ടാക്കിയതെന്നും താന്‍ ബൂത്തിലെത്തിയതു സ്ഥാനാര്‍ത്ഥിക്കു ബൂത്ത് സന്ദര്‍ശിക്കാനുള്ള അവകാശമുള്ളതുകൊണ്ടാണെന്നും ആര്‍ ജെ ഡി സ്ഥാനാര്‍ത്ഥി രോഹിണി ആചാര്യ പറഞ്ഞു.
