കള്ളന്മാർ നേരത്തെയെത്തി; മഴക്കാലത്തിനു കാത്തു നിൽക്കാതെ; ജാഗ്രതയ്ക്കു നിർദ്ദേശം

കാസർകോട്: പതിവിൽ നിന്നു വ്യത്യസ്തമായി മഴക്കാല കള്ളന്മാർ ജില്ലയിൽ നേരത്തെ തമ്പടിച്ചതായി സൂചന. പൊലീസ് ജാഗ്രതയ്ക്ക് നിർദേശം നൽകി. മോഷണത്തിനും കൊള്ളയ്ക്കും പ്രത്യേക പരിശീലനം ലഭിച്ച അന്തർസംസ്ഥാന ബന്ധമുള്ള സംഘം ഓരോ കാലവർഷക്കാലത്തും കാസർകോട്ടെത്താറുണ്ട്. കൃത്യമായ നിരീക്ഷണങ്ങൾക്കു ശേഷമാണ് സംഘം തങ്ങളുടെ ദൗത്യത്തിനു ഇറങ്ങുക. പകൽ നേരങ്ങളിൽ പല വേഷങ്ങളിൽ സഞ്ചരിച്ച് കൃത്യം നടത്തേണ്ട സ്ഥലം കണ്ടു വയ്ക്കും. കാര്യം അതീവ രഹസ്യമായി കാണാമറയത്തുളള സംഘത്തലവനെ അറിയിക്കും. പിന്നീട് ആക്ഷൻ പ്ലാൻ ചെയ്യുക സംഘത്തലവനായിരിക്കും. പിഴവിനു ഇടയാക്കുന്ന സാഹചര്യങ്ങളെല്ലാം ഒഴിവാക്കിയായിരിക്കും പ്ലാൻ. അതിനാൽ കളവു ശ്രമത്തിൽ സംഘം വിജയിക്കുക തന്നെ ചെയ്യും.
അതിനാൽ ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനാണ് പൊലീസിന്റെ നിർദ്ദേശം. പകൽ നേരങ്ങളിൽ ചുറ്റികറങ്ങുന്നവരെ നിരീക്ഷിക്കുക, വിവരം പൊലീസിനെ അറിയിക്കുക, വീടുപൂട്ടി പുറത്തു പോകുമ്പോൾ വിലപ്പിടിപ്പുള്ള സാധനങ്ങളോ, പണമോ സുരക്ഷിതമാണെന്നു ഉറപ്പു വരുത്തുക എന്നിവയ്ക്ക് മുൻതൂക്കം നൽകണമെന്ന് പൊലീസ് നിർദ്ദേശിക്കുന്നു. വീടിനു പുറത്തുള്ള ഒരു ലൈറ്റ് എങ്കിലും ഓൺ ചെയ്തിടുക , വീട്ടിൽ നിന്നു മാറി നിൽക്കുന്ന കാര്യം അയൽക്കാരോട് പറയുക, അടഞ്ഞുകിടക്കുന്ന വീടുകളിൽ നിന്നു അസാധാരണമായ ശബ്ദങ്ങളോ മറ്റോ കേട്ടാൽ അയൽ വാസികളേയോ, പൊലീസിനെയോ അറിയിക്കുക. ഇങ്ങിനെയൊക്കെ മുൻകരുതൽ സ്വീകരിച്ചാൽ മഴക്കാല കള്ളന്മാരെ ചെറുക്കാൻ കഴിയുമെന്ന് പൊലീസ് ചൂണ്ടികാട്ടുന്നു. രാത്രികാല കാവൽക്കാരില്ലാത്ത ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിലെ സിസിടിവി ക്യാമറകൾ പ്രവർത്തന ക്ഷമമാണെന്നു ഉറപ്പു വരുത്തണമെന്നും പൊലീസ് നിർദേശിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page