കാറഡുക്ക സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ്; മുഖ്യപ്രതികള്‍ കാണാമറയത്ത് തന്നെ, ഇരുട്ടില്‍ തപ്പി അന്വേഷണ സംഘം, തട്ടിപ്പില്‍ ചില പ്രമാണിമാര്‍ക്കും ബന്ധം

കാസര്‍കോട്: മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളെ കണ്ടെത്താനാകാതെ അന്വേഷണ സംഘം ഇരുട്ടില്‍ തപ്പുന്നു. കേസില്‍ മുഖ്യപ്രതിയായ കര്‍മ്മന്തൊടി, ബാളക്കണ്ടം സ്വദേശിയായ സൊസൈറ്റി സെക്രട്ടറി കെ. രതീശന്‍, ഇയാളുടെ കൂട്ടുപ്രതിയാണെന്ന് സംശയിക്കുന്ന കണ്ണൂര്‍, താഴെച്ചൊവ്വ സ്വദേശി ജബ്ബാര്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. ഇവര്‍ക്കായി ബംഗ്ളൂരു, ഹാസന്‍, ഷിമോഗ എന്നിവിടങ്ങളില്‍ വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും ഒടുവില്‍ ഇരുവരും ഷിമോഗയില്‍ നിന്നു ചെന്നൈയിലേക്ക് കടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടുമില്ല.
തട്ടിപ്പ് വഴി കൈക്കലാക്കിയ കോടികള്‍ ഉപയോഗിച്ച് ജബ്ബാറിന്റെ പേരില്‍ വസ്തുക്കള്‍ വാങ്ങിച്ചതായാണ് ഇതിനകം പുറത്ത് വന്നിട്ടുള്ള വിവരം. ഇവ മറിച്ചു വിറ്റു സൊസൈറ്റിക്ക് പണം തിരികെ നല്‍കാനാണ് പ്രതികളുടെ നീക്കമെന്നാണ് സൂചന. ഇതിനിടയില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ കേരള ബാങ്കിന്റെ വിവിധ ശാഖകളില്‍ പണയപ്പെടുത്തി ഒരു കോടിയില്‍പ്പരം രൂപ എടുത്തത് കാറഡുക്ക സൊസൈറ്റിയില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണ്ണ ഉരുപ്പടികള്‍ ഉപയോഗിച്ചാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പള്ളിക്കര പഞ്ചായത്ത് അംഗവും പ്രാദേശിക മുസ്ലിം ലീഗ് നേതാവുമായ ബേക്കല്‍ ഹദ്ദാദ്നഗറിലെ കെ. അഹമ്മദ് ബഷീര്‍ (60), ഇയാളുടെ ഡ്രൈവര്‍ അമ്പലത്തറ, പറക്കളായി, ഏഴാംമൈലിലെ എ. അബ്ദുല്‍ ഗഫൂര്‍ (26), കാഞ്ഞങ്ങാട്, നെല്ലിക്കാട് സ്വദേശിയും ജിംനേഷ്യം ഉടമയുമായ എം. അനില്‍ കുമാര്‍ (35) എന്നിവരാണ് നേരത്തെ അറസ്റ്റിലായിരുന്നത്. ഇവര്‍ക്ക് പുറമെ ഒളിവില്‍ കഴിയുന്നവരും മറ്റു ചില പ്രമാണിമാരും സൊസൈറ്റിയിലെ കോടികളുടെ തട്ടിപ്പിന് പിന്നിലുണ്ടെന്നാണ് സൂചന. ഇവരിലൊരാള്‍ കോഴിക്കോട് സ്വദേശിയാണെന്നും ഇയാള്‍ എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ ചമഞ്ഞതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page