ന്യൂഡെല്‍ഹി: അവസരത്തെ വേഗത്തില്‍ ചവിട്ടു പടിയാക്കുന്ന സമര്‍ത്ഥന്മാര്‍ക്കുള്ളതാണ് വിജയമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇവയെ ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നതുകൊണ്ടാണ് 18-ാം ലോക്‌സഭയില്‍ ബി ജെ പിക്കു ചരിത്രവിജയമുണ്ടാവുമെന്നു താന്‍ വിശ്വസിക്കുന്നതെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതു തങ്ങളുടെ ദുഃഖങ്ങള്‍ക്കും വേദനകള്‍ക്കു പരിഹാരമുണ്ടാക്കുന്ന ഒരു സര്‍ക്കാരാണെന്നു രാജ്യം വിശ്വസിക്കുന്നു; ജനങ്ങള്‍ വിശ്വസിക്കുന്നു. ജനങ്ങളുടെ ചിന്തകളെയും സ്വപ്‌നങ്ങളെയും സര്‍ക്കാര്‍ ബഹുമാനിക്കുന്നു. ജനങ്ങളുടെ ശക്തി എപ്പോഴും പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നും അവര്‍ക്ക് വിശ്വാസമുണ്ട്-പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോക്‌സഭയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ 130 ലോക്‌സഭാ മണ്ഡലങ്ങളില്‍ ബി ജെ പിക്കു ഉണ്ടായിരുന്നത് പോണ്ടിച്ചേരിയിലെ ഒരംഗമാണ്. 2019ല്‍ ഇതില്‍ 29 മണ്ഡലങ്ങളില്‍ ബി ജെ പി വിജയപതാക പാറിച്ചു. അതില്‍ 25വും കര്‍ണ്ണാടകയിലായിരുന്നു. അവശേഷിച്ചവ തെലുങ്കാനയിലും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 303 സീറ്റില്‍ വിജയിച്ചു. ഇത്തവണ അത് 370 ആവുമെന്നു പ്രതീക്ഷയുണ്ട്. സഖ്യകക്ഷികളുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ അതു 400 മറികടക്കുമെന്നും പ്രതീക്ഷയുണ്ട്. ഈസര്‍ക്കാരിനു വലിയ ആത്മവിശ്വാസമുണ്ട്. അതിനാലാണ് ബി ജെ പിക്കു ചരിത്ര ജനവിധി ലഭിക്കുമെന്നും ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ റെക്കോഡ് സൃഷ്ടിക്കുമെന്നും പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
