ന്യൂദെല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 8889 കോടി രൂപയുടെ കള്ളപ്പണവും മദ്യവും മയക്കുമരുന്നും സ്വര്‍ണ്ണവും പിടിച്ചെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം രണ്ടു മാസത്തിനിടയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഇവ പിടികൂടിയത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ രണ്ടര ഇരട്ടിയാണ് ഇപ്പോള്‍ പിടിച്ചിട്ടുള്ളതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിന്റെ അവശേഷിച്ച ഘട്ടങ്ങളിലും കള്ളപ്പണം പിടിച്ചെടുക്കാന്‍ കഴിഞ്ഞേക്കുമെന്ന് അധികൃതര്‍ കരുതുന്നു. തിരഞ്ഞെടുപ്പു കമ്മീഷനാണ് കണക്ക് വെളിപ്പെടുത്തിയത്. പിടിച്ചെടുത്ത 8889 കോടി രൂപയില്‍ 45 ശതമാനം മദ്യവും മയക്കുമരുന്നുമാണ്. 14 ശതമാനം സ്വര്‍ണ്ണവും 849 കോടി രൂപ പണവുമായി പിടിച്ചു. 815 കോടി രൂപ വിലവരുന്ന 5.4 കോടി ലിറ്റര്‍ മദ്യം പിടികൂടിയവയില്‍പ്പെടുന്നു.