കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 12 യാത്രക്കാരില്‍ നിന്ന് റവന്യു ഇന്റലിജന്‍സും കസ്റ്റംസും ചേര്‍ന്നു 8.8 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചു. ഇതിനു 6.3 കോടി രൂപ വില വരും. ഇതിനു പുറമെ 12.85 ലക്ഷം രൂപ വിലവരുന്ന 107000 കാര്‍ട്ടന്‍ സിഗററ്റ് കാസര്‍കോട് സ്വദേശികളായ മൂന്നു പേരില്‍ നിന്നു പിടിച്ചു. എയര്‍ കസ്റ്റംസ് കരിപ്പൂരില്‍ അടുത്ത കാലത്തു നടത്തിയ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.
ദുബായില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശിയില്‍ നിന്നു 682 ഗ്രാം സ്വര്‍ണ്ണവും ഷാര്‍ജയില്‍ നിന്നെത്തിയ കുറ്റ്യാടി സ്വദേശിയില്‍ നിന്ന് 1122 ഗ്രാം സ്വര്ണ്ണവും ദുബായില്‍ നിന്നെത്തിയ വയനാടു സ്വദേശിയില്‍ നിന്നു 1124 ഗ്രാം സ്വര്‍ണ്ണവും ആണ് പിടികൂടിയത്. മൂന്നു പേരും ശരീരത്തിനുള്ളിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നതെന്നു കസ്റ്റംസ് പറഞ്ഞു. റാസല്‍ ഖൈമയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ രണ്ടുപേരില്‍ നിന്ന് 1274 ഗ്രാം സ്വര്‍ണ്ണവും 1094 ഗ്രാം സ്വര്‍ണ്ണവും പിടിച്ചു. ശരീരത്തിലും ഷൂവിന്റെ സോളിനുള്ളിലും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. കോഴിക്കോടു കുന്നുമക്കര സ്വദേശികളായ രണ്ടുപേരില്‍ നിന്നു 999, 1294 ഗ്രാം വീതം യഥാക്രമം പിടിച്ചു.
ഇതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലഗേജൊന്നുമില്ലാതെ ഗ്രീന്‍ചാനലിലൂടെ പുറത്തുകടക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശി സിറാജുദ്ദീനില്‍ നിന്നു 28 ലക്ഷം രൂപ വിലവരുന്ന 430 ഗ്രാം സ്വര്‍ണ്ണം ഗുളിക രൂപത്തില്‍ പിടിച്ചു.
