കോഴിക്കോട്: വാഹനാപകടത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പു കോഴിക്കോടു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് ഒരാഴ്ച്ചക്കു ശേഷം നടത്തിയ ശസ്ത്രക്രിയയില്‍ കൈക്കു കമ്പി മാറ്റിയിട്ടതായി പരാതി. ശസ്ത്രക്രിയ വിഭാഗത്തിനെതിരെ കോഴിക്കോടു മെഡിക്കല്‍ കോളേജില്‍ വീണ്ടും ആക്ഷേപമുയരുന്നു. അപകടത്തില്‍ പരിക്കേറ്റ യുവാവിന്റെ കൈയെല്ലിന് പൊട്ടലുണ്ടെന്നു നേരത്തെ തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച്ചത്തേക്കു മാറ്റി വയ്ക്കുകയായിരുന്നുവത്രെ. മകന്റെ ശസ്ത്രക്രിയക്കു 3000 രൂപയുടെ ശസ്ത്രക്രിയാ സാധനങ്ങള്‍ വാങ്ങിക്കൊടുത്തെങ്കിലും മകന്റെ കൈയില്‍ സ്ഥാപിച്ചത് മറ്റേതോ രോഗിയുടെ കാലിനു വാങ്ങിയ കമ്പിയായിരുന്നെന്നു പരിക്കേറ്റ അജിത്തിന്റെ മാതാവ് ആരോപിച്ചു. ശസ്ത്രക്രിയയെ തുടര്‍ന്നു മകന്റെ കൈക്കു വേദന രൂക്ഷമായപ്പോള്‍ വീണ്ടും ഓപ്പറേഷന്‍ ചെയ്യാമെന്നു ഡോക്ടര്‍ പറഞ്ഞതായും അതിനെ എതിര്‍ത്തപ്പോള്‍ ഡോക്ടര്‍ രോഷാകുലനായതായും മാതാവ് പരാതിപ്പെട്ടു.