ന്യൂഡല്‍ഹി: ആംആദ്മി പാര്‍ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിനെ അക്രമിച്ചുവെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ സഹായി ബിഭാവ് കുമാറിനെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തു. മെയ് 13ന് വിഭാവ് കുമാറിനെ കാണാന്‍ കെജിരിവാളിന്റെ വസതിയിലെത്തിയ മലിവാളിനോട് ഓഫീസില്‍ കാത്തിരിക്കാന്‍ ജീവനക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് അവിടെയിരുന്ന എംപിയെ റൂമിലേക്ക് ഓടിയെത്തിയ വിഭാവ് കുമാര്‍ തല്ലുകയും വയറ്റിലും മറ്റ് ശരീരഭാഗങ്ങളിലും ചവിട്ടുകയും ചെയ്തതായാണ് പരാതി. സംഭവത്തില്‍ നരഹത്യാശ്രമത്തിനാണ് പൊലീസ് വിഭാവിനെതിരെ കേസെടുത്തത്. കാലിനും കവിളിനും ചതവ് ഏറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തത്. സ്വാതി മലിവാള്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയാണ്.
