തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കോട്ടയം തുപ്പള്ളി കാഞ്ഞിരത്തുംമൂട് സ്വദേശികളായ വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന ജോര്‍ജ് പി സ്‌കറിയ (60), ഭാര്യ മേഴ്‌സി(58), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കുമളി കമ്പം പ്രധാന പാതയോടു ചേര്‍ന്ന് കൃഷിയിടത്തിലാണ് സംഭവം.
ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായിരുന്നു. വാകത്താനം പൊലീസ് മിസിങ് കേസും രജിസ്ട്രര്‍ ചെയ്തിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസ് സംശയിച്ചത്. കാറിനകത്ത് നിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതോടെ മൂവരും ആത്മഹത്യ ചെയ്തതാണെന്ന സംശയം ബലപ്പെട്ടു. ഫൊറന്‍സിക് പരിശോധനക്ക് ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹങ്ങള്‍ പരിശോധനകള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോര്‍ജ് പി സ്‌കറിയയുടെ കുടുംബത്തിന് രണ്ടരക്കോടിയിലേറെ രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. ബാങ്ക് വായ്പയും സ്വകാര്യ വ്യക്തികളില്‍ നിന്ന് വാങ്ങിയ വായ്പയും ഇതില്‍ ഉള്‍പ്പെടും. വീടും സ്ഥലവും വിറ്റ് കടം വീട്ടാനായിരുന്നു ശ്രമം. ഇത് ഏറെക്കാലമായി ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. ഇതില്‍ മനോവിഷമത്തിലായിരുന്നു. അഖിലിന് ചെറിയ ഒരു തുണിക്കട ഉണ്ടായിരുന്നു. ഇതിലെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. ജോര്‍ജ് കര്‍ഷകനായിരുന്നു. നാലുദിവസത്തിലേറെയായി കുടുംബത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും പൊലീസ് അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് വിശദീകരണം.
കോട്ടയം രജിസ്‌ട്രേഷന്‍(കെഎല്‍ 05 എയു 9199) വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
