തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ കസ്റ്റഡിയിൽ. മാറനല്ലൂർ കൂവളശ്ശേരി അപ്പു നിവാസിൽ ജയ (58) ആണ് മരിച്ചത്. സംഭവത്തിൽ
മകൻ ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ജയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമുയർന്നതോടെയാണ് ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അമിത മദ്യപാനിയാണ് ബിജുവെന്നാണ് വിവരം. ഇയാൾ വീട്ടിൽ ബഹളം വെക്കുന്നതും ജയയെ മർദിക്കുന്നതും പതിവാണ്. രാത്രികളിൽ വീട്ടിൽനിന്ന് ഉച്ചത്തിലുള്ള നിലവിളി കേൾക്കുമ്പോൾ സമീപവാസികൾ ഓടിയെത്തുകയും വിവരം പൊലീസിനെ അറിയിക്കാമെന്ന് പറയുകയും ചെയ്യുമെങ്കിലും ജയ ഇതിന് തയ്യാറായിരുന്നില്ല. മകനോടുള്ള വാത്സല്യം കാരണം മദ്യലഹരിയിൽ ചെയ്യുന്നതാണ് ഇതെല്ലാം എന്ന് പറഞ്ഞ് നാട്ടുകാരെ മടക്കിയക്കുകയാണ് പതിവെന്നാണ് നാട്ടുകാർ പറയുന്നു. ദിവസവും അക്രമം തുടർന്നതോടെ പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസിൽ പരാതി നൽകാൻ തയ്യാറാകാതിരുന്നതോടെ നാട്ടുകാർ വിഷയത്തിൽ ഇടപെടാതെയായി. അടിപിടിയും ബഹളവും സ്ഥിരമായിട്ടും ആരും ജയയുടെ വീട്ടിലേക്ക് തിരിഞ്ഞു നോക്കിയില്ല . മകനെതിരെ പരാതി നൽകാൻ ജയ തയ്യാറാകാത്തതാണ് വിഷയത്തിൽനിന്ന് പിൻതിരിയാൻ കാരണമായെതെന്നാണ് നാട്ടുകാർ പറയുന്നത്. അമിത മദ്യപാനം കാരണം ഊരൂട്ടമ്പലത്ത് പ്രവർത്തിക്കുന്ന പച്ചക്കറിക്കടയിലെ ജോലി മതിയാക്കിയിരുന്നു. പിന്നീട് വല്ലപ്പോഴും മാത്രമാണ് മറ്റ് ജോലികൾക്ക് ബിജു പോയിരുന്നത്. ചെറുപ്പം മുതൽ തന്നെ മദ്യപാനം ആരംഭിച്ച ബിജുവിനെ
ജയ തന്നെ ബന്ധുക്കളുടെ സഹായത്തോടെ ലഹരി വിമുക്ത കേന്ദ്രത്തിൽ ബിജുവിനെ എത്തിച്ചിരുന്നു. അവിടത്തെ ചികത്സയ്ക്കു ശേഷം തിരിച്ചെത്തിയെങ്കിലും വീണ്ടും മദ്യപാനം തുടങ്ങി. മദ്യപാനത്തിന് എന്തെങ്കിലും പരിഹാരം കാണണമെന്ന് ജയ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നു.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അമ്മ മരിച്ച വിവരം ബിജു തൊട്ടുത്തുള്ള സുഹൃത്തിനെ ഫോണിൽ വിളിച്ചറിയിക്കുന്നത്. അമ്മ കസേരയിൽ മരിച്ചിരിക്കുന്നുവെന്നാണ് ഇയാൾ സുഹൃത്തിനെ അറിയിച്ചത്.എന്നാൽ സുഹൃത്ത് വീട്ടിലെത്തിയപ്പോൾ ജയ വീടിന്റെ ഹാളിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ പഞ്ചായത്തംഗത്തെ വിളിച്ചറിയിക്കുകയായിരുന്നു.
പഞ്ചായത്തംഗവും മാറനല്ലൂർ പൊലീസും സ്ഥലത്ത് എത്തിയപ്പോൾ ജയയെ വീടിലെ മുറിയിലെ കട്ടിലിൽ കിടത്തിയിരിക്കുന്നതാണ് കണ്ടത്. സ്ഥിരമായി ബിജു അമ്മയെ മർദിക്കാറുണ്ടെന്നും മർദനത്തിൽ മരണം സംഭവിച്ചതാകാമെന്നും നാട്ടുകാർ ആരോപണമുന്നയിച്ചതിനെ തുടർന്നാണ് ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജയ മരിച്ചുകിടന്ന കൂവളശ്ശേരിയിലെ വീട്ടിൽ പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള പരിശോധനകൾക്കായി മൃതദേഹം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷമേ മരണകാരണം വ്യക്തമാക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.
