വിവാഹമോചനത്തിന് പല കാരണങ്ങളുണ്ടാകാം. എന്നാല്‍ അടുത്തകാലത്തായി നിസാര കാരണങ്ങള്‍ക്കാണ് സ്ത്രീകള്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നത്. അഞ്ചുരൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങാന്‍ മറന്നുപോയ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഒരു ഭാര്യ. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ദിവസവും കുര്‍കുറെ കഴിക്കുന്നയാളാണ് ഭാര്യ. ഇതിന്റെ പേരില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കു പതിവാണ്. ഒരു ദിവസം കുര്‍കുറെ വാങ്ങാന്‍ ഭര്‍ത്താവ് മറന്നുപോയതാണ് ഇപ്പോള്‍ വിവാഹമോചനത്തിലെത്തിച്ചത്. വാശിപിടിച്ച യുവതി ഭര്‍ത്താവിന്റെ വീടുവിട്ട് സ്വന്തം വീട്ടിലേക്ക് വന്നു. രണ്ടുദിവസം കഴിഞ്ഞ് ശേഷം പോലീസില്‍ പരാതി നല്‍കിയ യുവതി തനിക്ക് ഭര്‍ത്താവില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
സ്ഥിരമായി കുര്‍കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തങ്ങള്‍ക്കിടയിലെ തര്‍ക്കത്തിന് കാരണമെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. ഒരുവര്‍ഷം മുമ്പ് വിവാഹിതരായ ഇവരെ കൗണ്‍സിലിംഗിന് അയച്ചതായി ഷാഗഞ്ച് പൊലീസ് അറിയിച്ചു.
