പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ മകന്റെ കല്യാണ സല്‍ക്കാരത്തില്‍ നേതാക്കള്‍ പങ്കെടുത്ത സംഭവത്തില്‍ രണ്ടംഗ അന്വേഷണ സമിതിയെ കെ.പി.സി.സി. നിയോഗിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യന്‍ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്. പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതിയായ സിപിഎം നേതാവിനെ മകന്റെ വിവാഹ സല്‍ക്കാര ചടങ്ങിലാണ് പെരിയ മണ്ഡലം പ്രസിഡണ്ട് പ്രമോദ് പെരിയ പങ്കെടുത്തത്. ഇതേ തുടര്‍ന്ന് കെപിസിസി നിര്‍ദ്ദേശപ്രകാരം ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ പ്രമോദിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത എത്ര ഉന്നതരായാലും അവര്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് പുതിയ സംഭവവികാസത്തിന് തിരികൊളുത്തിയത്.
രക്തസാക്ഷികളുടെ ആത്മാവിനെ വേദനിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്നായിരുന്നു ഉണ്ണിത്താന്റെ വിമര്‍ശനം. കുറിപ്പിനെതിരെ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്ത് വന്നതോടെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി. ഇതിനിടെ ബാലകൃഷ്ണന്‍ പെരിയ രാജി ഭീഷണി ഉയര്‍ത്തിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാലകൃഷ്ണന്‍ പെരിയ ഉന്നയിച്ചു. പെരിയ കൊലപാതക കേസിലെ പ്രതികളുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍ സൗഹൃദം പുലര്‍ത്തുന്നുവെന്നും നിയമ സഭ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പ്രധാന ആരോപണം. ഉണ്ണിത്താനും പെരിയ കൊലപാതക കേസിലെ പ്രതിയായ സിപിഎം നേതാവ് മണികണ്ഠനും രാത്രിയുടെ മറവില്‍ സൗഹൃദം പങ്കിട്ടെന്നും കേസില്‍ ഉണ്ണിത്താന്‍ ആയിരം രൂപ പോലും ചെലവാക്കിയിട്ടില്ലെന്നുമാണ് ബാലകൃഷ്ണന്‍ പെരിയയുടെ വിമര്‍ശനം. മണികണ്ഠനും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും ബാലകൃഷ്ണന്‍ പെരിയ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഉണ്ണിത്താന് വേണ്ടി താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോകുന്നുവെന്നും ബാക്കി കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കുമെന്നും ബാലകൃഷ്ണന്‍ പെരിയ ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു. വിവാദമായതോടെ ഫേസ് ബുക്ക് പോസ്റ്റ് ബാലകൃഷ്ണന്‍ പെരിയ പിന്‍വലിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തനിക്കെതിരെ ഒരു സംഘം പ്രവര്‍ത്തിച്ചെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ബാലകൃഷ്ണന്‍ ഭീരുവാണെന്നും അതുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും താന്‍ തന്റെ പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നു എന്നും ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. ബാലകൃഷ്ണന്റെയും ഉണ്ണിത്താന്റെയും പരസ്യ പ്രതികരണങ്ങള്‍ വിവാദമായതോടെയാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് നേതാക്കളുടെ പരസ്യപ്രസ്താവന വിലക്കിയിട്ടുണ്ട്. കല്യാണ സല്‍ക്കാരത്തില്‍ പങ്കെടുത്ത മുഴുവന്‍ നേതാക്കള്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുക്കണമെന്ന് ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
