കോഴിക്കോട്: അമിത വേഗതയില്‍ പോയ ആംബുലന്‍സ് ട്രാന്‍ഫോര്‍മര്‍ പോസ്റ്റില്‍ ഇടിച്ചു തീപിടിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി വെന്തു മരിച്ചു. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് കോഴിക്കോട് നഗരത്തില്‍ ദാരുണസംഭവം നടന്നത്. മലബാര്‍ മെഡിക്കല്‍ കോളജില്‍നിന്നും ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. മിംസ് ആശുപത്രി എത്തുന്നതിന് ഒരു കിലോമീറ്റര്‍ അകലെ വച്ചായിരുന്നു അപകടം. കനത്ത മഴയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് പോസ്റ്റിലും തൊട്ടടുത്തുള്ള ആളൊഴിഞ്ഞ ബില്‍ഡിങ്ങിലും ഇടിക്കുകയായിരുന്നു. അപ്പോള്‍ തന്നെ വാഹനത്തിന് തീ പിടിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് തെറിച്ചു വീണിരുന്നു. വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന രോഗിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വാഹനം പൂര്‍ണമായി കത്തി നശിച്ചു. ആംബുലന്‍സ് കത്തിയതിന് പിന്നാലെ സമീപത്തെ കടയിലേക്കും തീ പടര്‍ന്നു. ആംബുലന്‍സ് ഡ്രൈവറടക്കം ഏഴ് പേരാണ് അപകടസമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആറ് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആംബുലന്‍സ് കത്തി രോഗി വെന്തുമരിച്ച സംഭവത്തില്‍ പിന്നീട് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. അമിത വേഗതയും അശ്രദ്ധമായി വാഹനമോടിച്ചതുമാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. മിംസില്‍ ചികിത്സയില്‍ കഴിയുന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി മെഡിക്കല്‍ പൊലീസ് രേഖപ്പെടുത്തി.
