കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയിലെ ക്രമക്കേട്; സ്വര്‍ണ്ണവും രേഖകളും കടത്തുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍; ഞെട്ടിത്തരിച്ച് നാട്; കടത്തിക്കൊണ്ടു പോയ സ്വര്‍ണം വ്യാജമോ?

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തി. മെയ് ഒന്‍പതിന് സ്ട്രോംഗ് റൂം തുറന്ന് സ്വര്‍ണ്ണവും രേഖകകളും കടത്തുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്. 4.76 കോടി രൂപയുടെ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് നടത്തി സെക്രട്ടറിയായ കര്‍മ്മന്തൊടിയിലെ രതീശിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ 29 മുതല്‍ സെക്രട്ടറിയായ രതീശന്‍ നിര്‍ബന്ധിത അവധിയിലാണ്. ഇന്‍സ്പെക്ടറുടെ പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അവധിയില്‍ പോയത്. നിര്‍ബന്ധിത അവധിയിലിരിക്കെ മെയ് 9ന് സൊസൈറ്റിയില്‍ രതീശന്‍ എത്തി. ഈ സമയത്ത് വനിതാ ജീവനക്കാര്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. ബാങ്കിനകത്ത് കടന്ന രതീശന്‍ ഒരു രേഖയെടുക്കുകയും അതില്‍ ഒപ്പും സീലും വെച്ച് മറ്റൊരു ബാങ്കില്‍ കൊണ്ടു പോയി കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് പറയുന്നു. ഈ സമയത്ത് സെക്രട്ടറിയായ രതീശന്‍ താക്കോല്‍ എടുക്കുന്നതിന്റെയും സ്ട്രോംഗ് റൂം തുറക്കുന്നതിന്റെയും ആഭരണങ്ങളും രേഖകളും കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങളാണ് ക്യാമറയിലുള്ളത്.
ആഭരണങ്ങള്‍ കടത്തിക്കൊണ്ടു പോയതിലും ദുരൂഹതയുണ്ട്. സ്വര്‍ണ്ണവായ്പയായി 4.76 കോടിയുടെ ക്രമക്കേട് നടത്തിയതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിന് പുറമെ അതി സാഹസികമായാണ് ആഭരണങ്ങള്‍ കടത്തിക്കൊണ്ടു പോയത് എന്തിനാണെന്ന സംശയം ശക്തമായിട്ടുണ്ട്. യഥാര്‍ത്ഥ സ്വര്‍ണ്ണത്തിന് പകരം വ്യാജ സ്വര്‍ണ്ണം വായ്പയെടുക്കാനായി രതീശന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ത്ഥ വസ്തുത പുറത്ത് വരികയുള്ളു. ബാങ്ക് പ്രസിഡണ്ട് സൂപ്പി നല്‍കിയ പരാതിയിലാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. കേസെടുത്തതോടെ സിപിഎം ലോക്കല്‍ കമ്മിറ്റി സ്ഥാനത്ത് നിന്ന് രതീശനെ സസ്പെന്റ് ചെയ്തു. അതേ സമയം കോടികളുടെ തട്ടിപ്പ് നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.

One thought on “കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയിലെ ക്രമക്കേട്; സ്വര്‍ണ്ണവും രേഖകളും കടത്തുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍; ഞെട്ടിത്തരിച്ച് നാട്; കടത്തിക്കൊണ്ടു പോയ സ്വര്‍ണം വ്യാജമോ?

  • Manesh

    സി.പി.എം സൊസൈറ്റികൾ നാടിനാപത്ത്, അവസാനം ജീവനക്കാരുടെ തലയിലിട്ട് പാർട്ടി കൈ കഴുകും

    Reply

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page