കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റില്‍ സുഹൃത്തിനെയും കാത്തു നില്‍ക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച് സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ ശ്രമം. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്, കള്ളക്കുറിച്ചി, അമ്പകളത്തൂര്‍ സ്വദേശി വിനോദ് (28), തൂത്തുക്കുടിയിലെ ആണ്ടവന്‍ കതിരുവേല്‍ രാജ് (21) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ. പി.പി ഷമീലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പഴയ ബസ്സ്റ്റാന്റില്‍ പിടിച്ചുപറി നടത്തിയ ആറംഗ സംഘത്തിലെ പ്രധാനികളാണ് ഇപ്പോള്‍ അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
തെക്കിബസാര്‍ സ്വദേശിയായ 41കാരനാണ് തിങ്കളാഴ്ച രാത്രിയില്‍ വിനോദിന്റെയും കതിരുവേല്‍ രാജിന്റെയും അക്രമത്തിന് ഇരയായത്. യുവാവ് പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചിട്ടാണ് അക്രമി സംഘം രക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം നഗരം അരിച്ചുപെറുക്കിയാണ് രണ്ട് പേരെയും കണ്ടെത്തിയത്. വിശദമായ ചോദ്യം ചെയ്യലിലാണ് കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവത്തിലും ഇരുവരും ഉണ്ടായിരുന്ന വിവരം അറിഞ്ഞത്.
അതേ സമയം പരാതിക്കാരനായ യുവാവ് രാത്രിയില്‍ പഴയ ബസ്സ്റ്റാന്റില്‍ എത്തിയത് എന്തിനെന്നതിന് വ്യക്തത ഇല്ല. ട്രാന്‍സ്ജെന്റര്‍ യുവാവിന് കടമായി നല്‍കിയ 500 രൂപ തിരികെ മേടിക്കാനാണ് പഴയ ബസ്സ്റ്റാന്റില്‍ എത്തിയതെന്നാണ് യുവാവ് നല്‍കിയ മൊഴി.
