കണ്ണൂര്‍: കേന്ദ്ര സര്‍വ്വകലാശാല അധ്യാപകന്‍ ഡോ. ഇഫ്തിഖര്‍ അഹമ്മദി(30)നെ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമ പ്രകാരം അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചു. തിങ്കളാഴ്ച വൈകുന്നേരം തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് റിമാന്റ് ചെയ്തത്. പഴയങ്ങാടി എരിപുരം സ്വദേശിയാണ്. പറശ്ശിനിക്കടവിലെ വാട്ടര്‍ തീം പാര്‍ക്കില്‍ ആണ് കേസിനാസ്പദമായ സംഭവം. പാര്‍ക്കിലെ വേവ് പൂളില്‍ കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന 22കാരിയോട് അപമര്യാദയായി പെരുമാറു കയും കയറിപിടിക്കുകയും ചെയ്തുവെന്നാണ് പരാതി. യുവതി ബഹളം വെച്ചതോടെ പാര്‍ക്ക് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. തളിപ്പറമ്പ് പൊലീസ് സ്ഥലത്തിയപ്പോഴും യുവതി പരാതിയില്‍ ഉറച്ചുനിന്നു. താന്‍ കേന്ദ്രസര്‍വ്വകലാശാലയിലെ അധ്യാപകനാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചുവെങ്കിലും യുവതി പരാതിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്യിപ്പിച്ചത്. 2016ല്‍ പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ച ഇഫ്തിഖര്‍ അഹമ്മദ് ഇതിന് മുമ്പ് സസ്‌പെന്‍ഷനില്‍ ആവുകയും നിരവധി വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്തയാളാണ്. ക്ലാസില്‍ കുഴഞ്ഞ് വീണ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സര്‍വ്വകലാശാല അന്വേഷണം നടത്തിയിരുന്നു. പരാതിയെ തുടര്‍ന്ന് ഇഫ്തിഖറിനെ സസ്‌പെന്റ് ചെയ്തിരുന്നു. വളരെ വേഗത്തില്‍ തന്നെ ഇയാള്‍ സര്‍വ്വീസില്‍ തിരിച്ചെത്തിയതോടെ വിദ്യാര്‍ത്ഥിനികള്‍ സമരത്തിനിറങ്ങുകയും സസ്‌പെന്‍ഷന്‍ ദീര്‍ഘിപ്പിക്കുകയുമായിരുന്നു. അടുത്തിടെയാണ് സര്‍വ്വീസില്‍ തിരിച്ചെത്തിയത്.
