കോഴിക്കോട്: ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്ത ആള്‍ ടി.ടി.ഇയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസിലെ ടി.ടി.ഇ യായ രാജസ്ഥാന്‍ സ്വദേശി വിക്രം കുമാര്‍ മീണയ്ക്കാണ് പരിക്കേറ്റത്. ഇയാള്‍ ഷൊര്‍ണൂരിലെ റെയില്‍വെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയാണ് അക്രമം കാണിച്ചത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ കൈവശം ജനറല്‍ കോച്ചിലെ ടിക്കറ്റാണ് ഉണ്ടായിരുന്നത്. തിരൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ റിസര്‍വേഷന്‍ കോച്ചില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായ യാത്രക്കാരന്‍ ആക്രമിക്കുകയായിരുന്നുവെന്ന് ടി.ടി.ഇ. പരാതിപ്പെട്ടു.
