കാസര്‍കോട്: ബേക്കല്‍ പൊലീസിന്റെ കാരുണ്യത്തിന്റെ മാതൃകപരമായ പ്രവര്‍ത്തനം കൊണ്ട് ഉടമസ്ഥന് നഷ്ടമായ നായ കുട്ടിയെ നാലുമാസങ്ങള്‍ക്ക് ശേഷം തിരികെ ലഭിച്ചു. മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് സ്റ്റേഷനു സമീപം ഒരു നായ കുട്ടിയെ മറ്റു തെരുവ് നായകള്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു. പോമേറിയന്‍ ഇനത്തില്‍പ്പെട്ട ഈ നായ കുട്ടിയെ ബേക്കല്‍ സ്റ്റേഷനിലെ പൊലീസുകാരാണ് രക്ഷിച്ചത്. മൂന്ന് ദിവസത്തോളം സ്റ്റേഷനിലെ പൊലീസുകാരനായ പ്രമോദിന്റെ നേതൃത്വത്തില്‍ മറ്റു പൊലീസുകാരും ചേര്‍ന്ന് ഭക്ഷണവും വെള്ളവും കൊടുത്ത് വളര്‍ത്തി. ഉടമസ്ഥനെ കാണാത്ത സങ്കടത്തില്‍ നിന്ന നായ കുട്ടിയെ പരിചരിക്കാന്‍ ആളെയും തേടിയിരുന്നു. അതിനിടയിലാണ് എഎസ്‌ഐ രാജന്‍ മണ്ണിന്റെ കാവലാള്‍ കൂട്ടായ്മയിലെ അംഗമായ പൊലീസുകാരന്‍ ഹരിഷിനെ വിവരം അറിയിച്ചത്. കൂട്ടായ്മയിലെ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ഒരു ദിവസത്തിനുള്ളില്‍ യഥാര്‍ത്ഥ ഉടമസ്ഥനെ കണ്ടെത്തി. കുമ്പളപ്പള്ളി സ്വദേശി ദില്‍ജിത്ത് ആയിരുന്നു നായയുടെ ഉടമ. വിവരത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയ ദില്‍ജിത്ത് സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് നന്ദി അറിയിച്ച് നായയെ ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ടുപോയി. പല നിയമപരിപാലന പ്രവര്‍ത്തനങ്ങളിലും പൊലീസുകാരെ കുറ്റപ്പെടുത്തുമ്പോള്‍, സമൂഹത്തില്‍ സഹജീവികളോട് ഇവര്‍ കാണിച്ച കരുണ നാടിനു തികച്ചും മാതൃകാപരമാണ്.
