കണ്ണൂര്‍: ആലക്കോട്, ഉദയഗിരിയില്‍ ഭിന്നശേഷിക്കാരനായ അമ്മാവനെ അടിച്ചുകൊന്ന മരുമകന്‍ അറസ്റ്റില്‍. ഉദയഗിരി, പുല്ലരി, തൊമരക്കാട്ടെ കുമ്പുക്കല്‍ ദേവസ്യ എന്ന തങ്കച്ചന്‍ (76) കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാളുടെ സഹോദരി പുത്രനായ തളിപ്പറമ്പ്, ആടിക്കുംപാറയില്‍ താമസിക്കുന്ന കടവില്‍പ്പറമ്പില്‍ സൈമോന്‍ (35) ആണ് അറസ്റ്റിലായത്. ദേവസ്യയുടെ സഹോദരി അന്നക്കുട്ടി എന്ന കുഞ്ഞൂഞ്ഞമ്മയുടെ മകനാണ് അറസ്റ്റിലായ സൈമോന്‍. ഞായറാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. ദേവസ്യ ചെറുപ്പത്തിലേ ഇരുകാലുകളും തളര്‍ന്ന നിലയിലാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. ഇദ്ദേഹവും സഹോദരി അന്നക്കുട്ടി, ഇവരുടെ മകന്‍ ഷൈജു, അന്നക്കുട്ടിയുടെ അനുജന്‍ തോമാക്കുട്ടി എന്നിവരാണ് ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടില്‍ താമസം. ഇടക്കിടെ സൈമോനും ഇവിടെയെത്തി താമസിക്കാറുണ്ട്. മീന്‍ കച്ചവടക്കാരനായ സൈമോന്‍ അടുത്തിടെയാണ് കര്‍ണ്ണാടക സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചത്.
ഞായറാഴ്ച വൈകുന്നേരം മദ്യലഹരിയില്‍ തൊമരക്കാട്ടെ വീട്ടിലെത്തിയ സൈമോന്‍ അമ്മാവനായ ദേവസ്യയുമായി വഴക്കുണ്ടാക്കുകയും കട്ടിലും മേശയും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത വിരോധത്തില്‍ കട്ടിലിന്റെ കാലു കൊണ്ട് ദേവസ്യയെ ദേഹമാസകലം അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമം തടയാന്‍ ശ്രമിച്ച അന്നക്കുട്ടിയെയും ഷൈജുവിനെയും സൈമോന്‍ ആക്രമിച്ചു. ഒറ്റപ്പെട്ട സ്ഥലത്തെ വീടായതിനാല്‍ ക്രൂരമായ കൊലപാതകം പുറം ലോകം പെട്ടന്ന് അറിഞ്ഞില്ല. രാത്രി എട്ടുമണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് എത്തുമ്പോഴേക്കും മുറിക്കകത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ദേവസ്യ. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് മണിക്കൂറുകള്‍ക്ക് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മരണവിവരമറിഞ്ഞതോടെ തടിച്ചുകൂടിയ നാട്ടുകാര്‍ സൈമോനെ കൈകാര്യം ചെയ്തു. വളരെ പണിപെട്ടാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് സൈമോനെ പൊലീസ് രക്ഷപ്പെടുത്തിയത്.
