മികച്ച ബാലതാരം; അവാര്‍ഡ് തിളക്കത്തില്‍ ആവണി ആവൂസ്

കാസര്‍കോട്: 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി ആവണി ആവൂസ്. കുറിഞ്ഞി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ് ഇതേ ചിത്രത്തിന്റെ സംവിധായകന്‍ ഗിരീഷ് കുന്നുമ്മലിനു മികച്ച ഗോത്ര ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. കുറിഞ്ഞി എന്ന ചിത്രത്തിലെ കഥാപാത്രം അവിസ്മരണീയമാക്കിയത് ആവണി ആവൂസ് ആയിരുന്നു. വേര് ശില്‍പം നിര്‍മ്മിച്ചും കൃഷിപ്പണി നടത്തിയും ജീവിച്ചു പോന്ന പണിയ കോളനിയിലെ മാതന്റെയും സുഹൃത്ത് വെള്ളന്റെയും കുടുംബങ്ങളിലെ അംഗങ്ങളുടെയും അവര്‍ ബന്ധം പുലര്‍ത്തുന്ന മറ്റ് പൊതുവിഭാഗങ്ങളുടെയും ജീവിത മുഹൂര്‍ത്തങ്ങള്‍, ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്റെ പശ്ചാത്തലത്തില്‍ കാട്ടിന്റെ കഥ കൂടി പറയുന്ന ചിത്രമാണ് കുറിഞ്ഞി. കാഞ്ഞങ്ങാട് കോട്ടപ്പാറ സ്വദേശിനിയായ ആവണി നിരവധി ടെലിവിഷന്‍ മെഗാ ഷോകളില്‍ വിജയിച്ചിട്ടുണ്ട്. രാകേഷ് കുമാര്‍, ശിവാജ്ഞന ദമ്പതികളുടെ മകളാണ്.
സഹോദരന്‍: ശിവകേദാര്‍. 69 ചിത്രങ്ങളാണ് ഇക്കുറി മത്സരത്തില്‍ പങ്കെടുത്തത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page