മടിക്കേരി: കുടക് സോമവാര്‍പേട്ടയില്‍ 16-കാരിയായ വിദ്യാര്‍ഥിനിയെ കൊലചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി പ്രകാശ് എന്ന ഓംകാരപ്പയെ തെളിവെടുപ്പിനെത്തിച്ച് അറുത്തുമാറ്റിയ തല കണ്ടെത്തി.
പ്രതിക്കൊപ്പം പരിശോധന നടത്തിയ പൊലീസ് സംഘം സംഭവസ്ഥലത്തിനും 100 മീറ്റര്‍ അകലെ നിന്നാണ് അറുത്തെടുത്ത തല കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ വെടിയുണ്ട നിറച്ച ഒറ്റക്കുഴല്‍ തോക്ക് സഹിതം വിദ്യാര്‍ഥിനിയുടെ വീടിനുസമീപത്തുനിന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനിടെ പ്രതി തൂങ്ങിമരിച്ചതായി പ്രചരണവും നടന്നിരുന്നു. നിരവധി മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും അത് വ്യാപകമായി പ്രചരിപ്പിച്ചെങ്കിലും പൊലീസ് അത് വിശ്വസിച്ചിരുന്നില്ല. പ്രതിയുടെ വീടിനുസമീപം കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് മറ്റൊരാളാണെന്നും സ്ഥിരീകരിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ഗര്‍വാലെയിലെ കാട്ടില്‍ വെച്ചാണ് ഒളിച്ചിരുന്ന ഓംങ്കാരപ്പയെ പിടികൂടിയത്. അറസ്റ്റുചെയ്ത വിവരം കാരവല്‍ ഓണ്‍ലൈനും ശനിയാഴ്ച രാവിലെ റിപോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ മീനയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. ബൈക്കില്‍ മീനയെ സ്‌കൂളിലേക്കും തിരിച്ചും കൂടെക്കൂടെ കൊണ്ടുപോകുന്നത് ഇയാളായിരുന്നു. മീനയുടെ മാതാപിതാക്കളും ഇവരുടെ ബന്ധത്തിന് എതിര്‍പ്പൊന്നും കാണിച്ചില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രകാശിന്റെ വിവാഹം കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്നു.
മെയ് 9 ന് രാവിലെ 11 നും ഉച്ചയ്ക്ക് 1 നും ഇടയിലാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. അതിനിടെ ആരോ വനിതാ ശിശുക്ഷേമ വകുപ്പില്‍ പരാതി നല്‍കിയതോടെ 18 വയസ്സിനു ശേഷമേ വിവാഹം നടത്താവൂവെന്ന് പോലീസ് അറിയിച്ചതിനാല്‍ വിവാഹം മുടങ്ങി. വിവാഹം മുടക്കിയതിന് പിന്നില്‍ പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയാണെന്ന സംശയം പ്രതിയില്‍ ബലപ്പെട്ടിരുന്നു. അതിനാല്‍ അവളെയും കൊല്ലുമെന്ന് പ്രകാശ് പറഞ്ഞിരുന്നതായി കുടക് പൊലീസ് സൂപ്രണ്ട് കെ രാമമാജന്‍ പറഞ്ഞു.
വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്നും പോയി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, പ്രകാശ് മീനയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി, പിതാവിനെ ചവിട്ടുകയും അമ്മയെ മരങ്ങള്‍ വെട്ടാന്‍ ഉപയോഗിക്കുന്ന മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ 100 മീറ്ററോളം പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തല വെട്ടിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് രാമരാജന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടിലെ കത്തിയാണ് പ്രതി കൊലയ്ക്ക് ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു.
