മറ്റൊരു പെൺകുട്ടിയുമായി ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന് 20 കാരി ഓടുന്ന ബൈക്കിൽ നിന്ന് കാമുകനെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചു. തമിഴ്നാട്ടിലെ മൈലാടും തുറയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഭുവനഗിരി സ്വദേശിനിയായ ബികോം വിദ്യാർത്ഥിനി എൻ സിന്ധുജയാണ് കാമുകനെ കൊല്ലാൻ ശ്രമിച്ചത്. പൊള്ളലേറ്റ മയിലാടുംതുറെ സ്വദേശി രാഗേഷിനെ (24) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കഴിഞ്ഞ
രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. അതിനിടെ പെൺകുട്ടിക്ക് കാമുകനിൽ സംശയം തോന്നി. എന്നാൽ യുവാവ് അത് നിഷേധിച്ചു. വ്യാഴാഴ്ച വൈകിട്ട് പൂമ്പുഹാർ ബീച്ചിലെത്തി. ബീച്ചിൽ കുറെ സമയം ചിലവഴിച്ചതിന് ശേഷം തിരികെ പോകുമ്പോഴാണ് ഓടുന്ന ബൈക്കിലിരുന്ന് യുവാവിന്റെ ശരീരത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. പെൺകുട്ടിയുടെ ഹോസ്റ്റലിന് സമീപത്താണ് സംഭവം. ഇതുകണ്ട നാട്ടുകാർ രാഗേഷിനെ ഉടൻതന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. 60 ശതമാനം പൊള്ളലേറ്റ യുവാവ് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്. തീ കൊളുത്തുന്നതിനിടെ പെൺകുട്ടിക്കും പൊള്ളലേറ്റിരുന്നു. ഇവരും ചികിത്സയിലാണ്. പെൺകുട്ടിക്കെതിരെ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. ബികോം വിദ്യാർത്ഥിയാണ് രാഗേഷ്.
