കാസര്‍കോട്: കിണര്‍ വൃത്തിയാക്കുന്നതിനിടെ പിടിവിട്ട് കിണറിലേക്ക് വീണ യുവാവിനെ കാസര്‍കോട് അഗ്‌നിശമനസേന സാഹസികമായി രക്ഷപ്പെടുത്തി. ചെമ്മനാട് പഞ്ചായത്ത് ദേളി ബേനൂരിലെ ദിവ്യ എന്ന അധ്യാപികയുടെ വീട്ടുകിണറ്റില്‍ ജോലിയിലേര്‍പ്പെട്ട സതീശനാ(39)ണ് കിണറില്‍ വീണത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ ജോലി കഴിഞ്ഞ് തിരികെ കയറുന്നതിനിടയില്‍ മുകളിലെത്തിയപ്പോള്‍ പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. 65 അടി താഴ്ചയുള്ള കിണറിലേക്കുള്ള വീഴ്ചയില്‍ കാലിന് പരിക്ക് പറ്റി. ഒരാള്‍ മാത്രമാണ് കിണര്‍ വൃത്തിയാക്കാന്‍ ഉണ്ടായിരുന്നത്. വീട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഫയര്‍ഫോഴ്‌സ് യൂനിറ്റിലെ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്താനെത്തി. കിണറിലിറങ്ങി റെസ്‌ക്യൂ വലയില്‍ കയറ്റുകയും നാട്ടുകാരും സേനാംഗങ്ങളും ചേര്‍ന്ന് പുറത്തെടുത്തു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ സുധീഷ്, കിഷോര്‍, രഞ്ജിത്ത്, ഹോംഗാര്‍ഡ് സന്തോഷ് കുമാര്‍, ഡ്രൈവര്‍ വിനോദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
