തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ട് പോകാൻ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റിന് തീയതി ലഭിച്ചവര്‍ ഇന്നു മുതൽ സ്വന്തം വാഹനവുമായി എത്തണമെന്നാണ് നിർദ്ദേശം. കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങൾ വെള്ളിയാഴ്ച മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമായി.
സ്വകാര്യ ഡ്രൈവിംഗ് സ്കൂൾ സ്ഥാപന ഉടമകളുടെ പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം. പരിഷ്കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് സർക്കാർ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാകുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടരാനാണ് സി.ഐ.ടി.യു ഒഴികെയുള്ള മറ്റെല്ലാ സംഘടനകളുടെയും തീരുമാനം. സ്കൂളുകളുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് ടെസ്റ്റ് നടത്താൻ പോയാൽ തടയാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകൾ.
