ചണ്ഡീഗഢ്: 120 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ജയിലിലായിരുന്ന ഹരിയാനയിലെ വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം ജിലേബി ബാബ(64) അന്തരിച്ചു. 14 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന ജിലേബി ബാബ എന്ന ബില്ലു റാം ഹിസാര്‍ സെട്രല്‍ ജയിലിലാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് സബ് ഇന്‍സ്പെക്ടര്‍ ഭൂപ് സിംഗ് പറഞ്ഞു. ഇയാള്‍ പ്രമേഹ രോഗിയായിരുന്നെന്നും ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും ബില്ലുറാമിന്റെ അഭിഭാഷകനായ ഗജേന്ദര്‍ പാണ്ഡെ പറഞ്ഞു.
ഫത്തേബാബാദ് ജില്ലയിലെ തോഹാന സ്വദേശിയായ ബില്ലുറാം 2023 ജനുവരിയിലാണ് ലൈംഗിക പീഡനക്കേസില്‍ ശിക്ഷിക്കപ്പെടുന്നത്. ഉന്തുവണ്ടിയില്‍ ജിലേബി വില്‍ക്കലായിരുന്നു ഇയാളുടെ ആദ്യകാല തൊഴില്‍. തുടര്‍ന്നാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവമായി പ്രത്യക്ഷപ്പെടുന്നത്. ‘ജലേബി ബാബ’ എന്ന പേരില്‍ പിന്നീട് അറിയപ്പെടുകയും ചെയ്തു. തന്റെയടുത്ത് സഹായം അഭ്യര്‍ഥിച്ച് വരുന്ന സ്ത്രീകളെ മയക്ക് മരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നു ഇയാളുടെ രീതി. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഈ വീഡിയോ പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും പതിവായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുതവണ ബലാത്സംഗം ചെയ്തതിന് പോക്സോ വകുപ്പ് പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഏറ്റവുമൊടുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ. ഫത്തേഹാബാദിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
