കൊച്ചി: പെരിയ, കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിന്റെ വിസ്താരം നടത്തിയ അഡീഷണല്‍ ജില്ലാ ജഡ്ജി കെ. കമാനീസിന്റെ സ്ഥലം മാറ്റം നീട്ടിവെക്കണമെന്ന അപേക്ഷയില്‍ രജിസ്ട്രാറോട് ഹൈക്കോടതി വിശദീകരണം തേടി. 18ന് ആണ് പുതുതായി നിയമനം ലഭിച്ച ജഡ്ജി ശേഷാദ്രിനാഥ് ചുമതലയേല്‍ക്കേണ്ടത്. വിസ്താരം നടത്തിയ ജഡ്ജിയെ തന്നെ കേസിന്റെ ബാക്കി നടപടികള്‍ കൂടി തീര്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണനാണ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. അഡ്വ. ആസിഫലി മുഖാന്തിരമാണ് ഹര്‍ജി നല്‍കിയത്. ഇരട്ടക്കൊലക്കേസ് കഴിഞ്ഞ ദിവസം സി.ബി.ഐ കോടതിയുടെ പരിഗണനക്ക് വന്നിരുന്നു. കേസ് 20ലേക്ക് മാറ്റി വെക്കുകയും ചെയ്തു. ഇപ്പോഴത്തെ ജഡ്ജി 13ന് സ്ഥാനമൊഴിയും. പകരം നിയമിതനായ ജഡ്ജി 18ന് ചാര്‍ജ്ജെടുക്കും. ഇതിനിടയിലാണ് ഇടപെടല്‍ ആവശ്യപ്പെട്ട് കൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ക്രിമിനല്‍ നടപടിച്ചട്ടം 313 പ്രകാരം പ്രതികളെ കോടതി ചോദ്യം ചെയ്യുന്ന നടപടിയും തുടര്‍ന്ന് ഇരു ഭാഗത്തിന്റെ വാദങ്ങളുമാണ് അവശേഷിക്കുന്നത്. ഇതിനായി 700വോളം ചോദ്യങ്ങള്‍ തയ്യാറാക്കിയതായാണ് സൂചനകള്‍. 14 മാസം വിസ്താരം നടത്തിയ ജഡ്ജി തന്നെ കേസില്‍ വിധി പറയുന്നത് വഴി കേസ് നടപടികള്‍ വേഗത്തില്‍ നടത്താന്‍ കഴിയുമെന്നാണ് സിബിഐയും കരുതുന്നത്. അല്ലാത്ത പക്ഷം വിസ്താരം ഒഴികെയുള്ള എല്ലാ നടപടികളും പുതിയ ജഡ്ജിയുടെ മുന്നില്‍ ആവര്‍ത്തിക്കേണ്ടതുണ്ട്. കേസിലെ പ്രധാന സാക്ഷികള്‍ ഉള്‍പ്പെടെ 160 പേരുടെ വിസ്താരമാണ് ഇതിനകം പൂര്‍ത്തിയായിട്ടുള്ളത്. 2019 ഫെബ്രുവരി 17നു രാത്രിയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. സിപിഎം നേതാക്കള്‍ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.
