കാസർകോട്: കല്ല്യോട്ട് ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കുകയും പ്രതിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത പെരിയ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പ്രമോദ് പെരിയയുടെ സ്ഥാനം നീക്കി. ഇരട്ടക്കൊല കേസിലെ കേസിലെ 13-ാം പ്രതിയും സി
പിഎം പെരിയ ലോക്കൽ സെക്രട്ടറിയുമായ എൻ.ബാലകൃഷ്ണൻ്റെ മകൻ്റെ വിവാഹ സൽക്കാര ത്തിലാണു പ്രമോദ് പങ്കെടുത്തത്. ഫോട്ടോ വൈറലായതോടെ കോൺഗ്രസിൽ പ്രതിഷേധം ആളിക്കത്തിയിരുന്നു. ഇതേ തുടർന്ന് കെപിസിസിയുടെ നിർദേശപ്രകാരം പ്രമോദ് പെരിയയെ അന്വേഷണ വിധേയമായി തൽസ്‌ഥാനത്തുനിന്നു നീക്കിയതായി
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ അറിയിച്ചു. മണ്ഡലം പ്രസിഡന്റിൻ്റെ താൽക്കാലിക ചുമതല ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.വി. ഭക്തവത്സലനു നൽകിയതായും അദ്ദേഹം അറിയിച്ചു.പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ കൂടിയാണ് പ്രമോദ് പെരിയ. ബാലകൃഷ്ണന്റെ മകന്റെ കല്യാണം കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ വെച്ചാണ് നടന്നത്. കല്യാണ സല്‍ക്കാരം ചൊവ്വാഴ്ച പെരിയ, മൊയോലത്തുള്ള ഓഡിറ്റോറിയത്തിലാണ് നടന്നത്. കോണ്‍ഗ്രസ് നേതാവ് രാജന്‍ പെരിയയുടെ ഉടമസ്ഥതയിലുള്ളതാണ് ഓഡിറ്റോറിയം. ബാലകൃഷ്ണന്റെ സഹോദരന്‍ തന്റെ വീട്ടില്‍ നേരത്തെ വാടകക്ക് താമസിച്ചിരുന്നുവെന്നും അദ്ദേഹമാണ് വിവാഹ സല്‍ക്കാര ചടങ്ങിലേക്ക് ക്ഷണിച്ചതെന്നുമാണ് പ്രമോദ് പെരിയ വിശദീകരിച്ചത്. താന്‍ മാത്രമല്ല മറ്റു ഏതാനും കോണ്‍ഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തിട്ടുള്ളതായും പ്രമോദ് പറഞ്ഞിരുന്നു.
