ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിൽ ഡൽഹി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ചയെ തുടർന്ന് സമരം ഒത്തുതീർപ്പാക്കി. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന യൂണിയൻ ആവശ്യം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരു പക്ഷവും തമ്മിൽ എത്തിയത്. എയർ ഇന്ത്യ എക്സ് പ്രസിന്റെ എച്ച് ആർ മേധാവിയാണ് കമ്പനിയെ പ്രതിനിധികരിച്ച് ചർച്ചയിൽ പങ്കെടുത്തത്. ഡൽഹി ദ്വാരകയിലെ ലേബർ ഓഫീസിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചർച്ചയിൽ വൈകിട്ടോടെയാണ് തീരുമാനം. സമരത്തിനു ശേഷം പിരിച്ചു വിട്ട 30 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കി സമരത്തിന് നേതൃത്വം നൽകുന്ന യൂണിയൻ ചര്‍ച്ചയിൽ നിലപാടെടുത്തു. സിഇഒ യോഗത്തിൽ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയൻ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത്. ഇത് ആസൂത്രിതമാണെന്ന് ബോധ്യമായെന്നാണ് കമ്പനി അയച്ച പിരിച്ചുവിടല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു. സമരത്തെ തുടർന്ന് 170വിമാന സർവീസുകളാണ് റദ്ദാക്കിയത്. പ്രതിസന്ധി കുറക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടില്‍ 20 എയർ ഇന്ത്യ വിമാനങ്ങള്‍ സർവീസ് നടത്തുമെന്നും കമ്പനി ഇന്ന് അറിയിച്ചിരുന്നു. വിമാനക്കമ്പനിയിലെ പ്രതിസന്ധി വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് കേന്ദ്ര സർക്കാർ ഇടപെട്ടത്. ഫ്ലൈറ്റുകളുടെ ബോർഡിംഗിന് തൊട്ടുമുൻപായിരുന്നു എയർ ഇന്ത്യ എക്സ്പ്രസിലെ കാബിൻ ക്രൂ അംഗങ്ങൾ കൂട്ടമായി ലീവ് എടുത്തത്. 300 ഓളം കാബിൻ ക്രൂ അംഗങ്ങൾ അവധിയെടുത്ത് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പോയതോടെ എയർലൈനിന്റെ പ്രവർത്തനങ്ങൾ താറുമാറായി. 80ലധികം ഫ്ലൈറ്റ് സർവീസുകൾ ഒറ്റയടിക്ക് റദ്ദാവുകയും ചെയ്തു. ഇത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി. എയർ ഇന്ത്യ എക്സ്പ്രസിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ജീവനക്കാർ കൂട്ട അവധിയെടുത്തത്. ഇത് വലിയ പ്രശ്നങ്ങളിലേക്ക് വഴിവച്ചതോടെ സമരം ചെയ്തവരിൽ 25 മുതിർന്ന കാബിൻ ക്രൂ ജീവനക്കാരെ എയർ ഇന്ത്യ എക്സ്പ്രസ് പുറത്താക്കുകയായിരുന്നു. അസുഖത്തിന്റെ പേരിൽ അവധിയിൽ പ്രവേശിച്ച 300 ജീവനക്കാരോടും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കാനും തീരുമാനമായിരുന്നു. വിമാന സർവീസുകൾ റദ്ദ് ആയതിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതമനുഭവിച്ചത്. പലരുടെയും തൊഴിൽ നഷ്ടമാകുന്ന അവസ്ഥയും ഉണ്ടായിരുന്നു.
