കണ്ണൂര്‍: ഗള്‍ഫില്‍ നിന്നും കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. കൂത്തുപറമ്പ്, നിര്‍മ്മലഗിരി, തണ്ടേരിയിലെ മൂന്നാംപീടികയില്‍ ടി.കെ റഹീസി(34)നെയാണ് ബുധനാഴ്ച പുലര്‍ച്ചെ വീടു വളഞ്ഞ് പിടികൂടിയത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ വീട്ടില്‍ എത്തിയിട്ടുണ്ടെന്ന സൂചനകളെ തുടര്‍ന്ന് കൂത്തുപറമ്പ് എ.സി.പി. കെ.വി വേണുഗോപാലും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് മൂന്നിന് മലപ്പുറം, പൂഴിക്കല്ലിലെ ശിബിലിയെ കാറില്‍ തട്ടിക്കൊണ്ട് പോയി എട്ടരലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കര്‍ണ്ണാടക, വീരരാജ്പേട്ട സ്വദേശിനിയുടെ കൈവശം ശിബിലിയുടെ ഗള്‍ഫിലുള്ള പിതാവ് എട്ടരലക്ഷം രൂപ വിലവരുന്ന സ്വര്‍ണം നാട്ടിലേക്ക് കൊടുത്തയച്ചിരുന്നു. കണ്ണൂര്‍ വിമാനത്താവളം വഴിയാണ് യാത്രക്കാരിയുടെ കൈവശം സ്വര്‍ണം കൊടുത്തയച്ചത്. ഈ സ്വര്‍ണം വിമാനത്താവളത്തിലെ പരിശോധനയില്‍ കസ്റ്റംസ് പിടികൂടിയിരുന്നു. ഈ വിവരമറിഞ്ഞ് ശിബിലിയെ മാതാവ് പണവുമായി വിമാനത്താവളത്തിലേക്കയച്ചു. ഈ വിവരം വിരാജ്പേട്ട സ്വദേശി മുഖാന്തിരം സ്വര്‍ണം പൊട്ടിക്കല്‍ സംഘം മനസ്സിലാക്കി. ടാക്സ് അടച്ച ശേഷം വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ ശിബിലിയെ റഹീസിന്റെ നേതൃത്വത്തിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി സ്വര്‍ണം കൈക്കലാക്കുകയായിരുന്നു. മാതാവിന്റെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ മൂന്ന് ദിവസം കഴിഞ്ഞാണ് ശിബിലിയെ മോചിപ്പിച്ചത്. സംഭവത്തില്‍ ഹനീഫയെന്നയാളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പൊലീസ് പറഞ്ഞു
