കണ്ണൂര്‍: മുന്തിയയിനം മദ്യം കഴിച്ച് കള്ളനോട്ട് നല്‍കി ബാറില്‍ നിന്ന് മുങ്ങിയ മെക്കാനിക്ക് മറ്റൊരു ബാറിന് സമീപത്ത് വെച്ച് കള്ളനോട്ടുകളുമായി ചെറുവത്തൂരിലെ മെക്കാനിക് അറസ്റ്റില്‍. പയ്യന്നൂര്‍, കണ്ടോത്ത് സ്വദേശിയും മോട്ടോര്‍ മെക്കാനിക്കും ഗള്‍ഫുകാരനുമായ എം.എ ഷിജു (36)വിനെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കാല്‍ടെക്സിനു സമീപത്തെ സൂര്യാസ് ബാറിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ഷിജു ബാറില്‍ മദ്യപിക്കാനെത്തിയത്. 2562 രൂപയുടെ മദ്യമാണ് കുടിച്ചത്. സപ്ലൈയര്‍ ബില്ല് നല്‍കിയപ്പോള്‍ 500 രൂപയുടെ അഞ്ചും നൂറു രൂപയുടെ ഒരു നോട്ടും ബില്ലിനൊപ്പം വെച്ച് ഷിജു ബാറില്‍ നിന്ന് പുറത്തിറങ്ങിപ്പോയി. ബില്‍ സപ്ലൈയര്‍ കൗണ്ടറില്‍ അടക്കാന്‍ ഏല്‍പ്പിച്ചപ്പോഴാണ് 500 രൂപയുടെ നോട്ടുകളെല്ലാം കള്ളനോട്ടുകളാണെന്ന് വ്യക്തമായത്. വിവരം മാനേജരായ മനുകുര്യന്‍ ഉടന്‍ തന്നെ ടൗണ്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസ് ടൗണ്‍ അരിച്ചുപെറുക്കി അന്വേഷിച്ചപ്പോഴാണ് ഷിജുവിനെ നഗരത്തിലെ മറ്റൊരു ബാറിന് മുന്നില്‍ നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പൊക്കിയെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റി പരിശോധിച്ചപ്പോഴാണ് പോക്കറ്റില്‍ നിന്ന് 500 രൂപയുടെ അഞ്ചു കള്ളനോട്ടുകള്‍ കണ്ടെടുത്തത്. എന്‍എച്ചില്‍ വെച്ച് തകരാറിലായ ലോറിയുടെ കേടുപാടുകള്‍ മാറ്റിക്കൊടുത്തതിന് തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് തനിക്ക് പണം നല്‍കിയതെന്നും കള്ള നോട്ടുകളാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഷിജു പൊലീസിന് നല്‍കിയ മൊഴി. ഇതേ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. അടുത്ത് തന്നെ ഗള്‍ഫിലേക്ക് തിരികെ പോകേണ്ട ആളാണ് ഷിജുവെന്ന് കൂട്ടിച്ചേര്‍ത്തു.
