പടിയൂരില്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അനുജന്‍ അറസ്റ്റിലായി. പടിയൂര്‍ ചാളംവയല്‍ കോളനിയിലെ രാജീവന്‍ (40) ആണ് കുത്തേറ്റ് മരിച്ചത്. അനുജന്‍ സജീവനാണ് കുത്തിയത്. ഇയാളെ ചൊവ്വാഴ്ച ഇരിക്കൂര്‍ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സജീവന്‍ വീട്ടില്‍ മത്സ്യം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജീവനെ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് വിവരം. നെഞ്ചത്ത് സാരമായി കുത്തേറ്റ രാജീവന്‍ തളര്‍ന്നുവീഴുകയായിരുന്നു. ഉടനെ കോളനിവാസികളും നാട്ടുകാരും ചേര്‍ന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നെഞ്ചത്തെ മുറിവുകളെക്കൂടാതെ കൈത്തണ്ടയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തേറ്റതിന്റെ പാടുകളുണ്ട്. കൂലിത്തൊഴിലാളികളായ രാജീവനും അനുജന്‍ സജീവനും തമ്മില്‍ രണ്ടുദിവസമായി വീട്ടില്‍ വാക്തര്‍ക്കങ്ങളുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. അച്ഛന്‍: പരേതനായ രാജന്‍. അമ്മ: വസുമതി. ഭാര്യ: സൗമ്യ. മക്കള്‍: രജീഷ്, സൗരവ്.
